യുകെയിൽ ജൂൺ 30 നു കാണാതായ മലയാളി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. യുകെയിലെ ഇപ്സ്വിച്ചിൽ കുടുംബമായി താമസിച്ചു വന്നിരുന്ന മലയാളി ഡോക്ടർ രാമസ്വാമി ജയറാമിനെയാണ് (56) മരിച്ച നിലയിൽ കണ്ടെത്തി. ജൂൺ 30 ഞായറാഴ്ച പുലർച്ചെ 5.45 ന് വീട്ടിൽ നിന്നിറങ്ങിയ രാമസ്വാമിയെ പിന്നീട് കാണാതാകുകയായിരുന്നു. (A Malayali doctor who went missing on June 30 in the UK was found dead)
ഇദ്ദേഹത്തെ കണ്ടെത്താൻ ജൂലൈ 1 മുതൽ സഫോൾക്ക് പൊലീസ് സഹായം അഭ്യർഥിച്ചിരുന്നു. പൊലീസ് തിരച്ചിൽ നോട്ടീസ് പുറത്ത് ഇറക്കിയതോടെ നിരവധി പേരാണ് അറിയിപ്പ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഷെയർ ചെയ്തത്.
തിരച്ചിലുകൾക്ക് ഒടുവിൽ നൊമ്പരമായി രാമസ്വാമിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പൊലീസ് മരണ വിവരം രാമസ്വാമിയുടെ അടുത്ത ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. നിലവിൽ മരണത്തിൽ ദൂരുഹതയില്ലെന്ന് കരുതുന്നതായി പൊലീസ് ഔദ്യോഗികമായി അറിയിച്ചു.