കെഎസ്ആർടിസി വിനോദയാത്ര ബസ് അപകടത്തിൽപ്പെട്ടു
ഇടുക്കി: കെഎസ്ആർടിസി വിനോദയാത്ര ബസ് അപകടത്തിൽപ്പെട്ട് 16 പേർക്ക് പരിക്കേറ്റു. ഇടുക്കി അടിമാലിയിലാണ് സംഭവം. അപകടത്തിൽ നാലുപേർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പനംകുട്ടിക്ക് സമീപം വെച്ച് ബ്രേക്ക് നഷ്ടപ്പെട്ട ബസ് പാതയോരത്ത് ഇടിച്ചു നിൽക്കുകയായിരുന്നു. കണ്ണൂർ പയ്യന്നൂരിൽ നിന്നും ആരംഭിച്ച കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഉല്ലാസയാത്ര ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടസമയത്ത് ബസിൽ 36 സഞ്ചാരികളും രണ്ട് കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇതിൽ 10 പേർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആറു പേർ മോർണിംഗ് സ്റ്റാർ ആശുപത്രിയിലും ചികിത്സയിൽ തുടരുന്നുണ്ട്.
കുന്നംകുളത്ത് യുവാവിന്റെ കാർ തല്ലിത്തകർത്തു
തൃശൂർ: ശോഭായാത്രയ്ക്കിടയിലേക്ക് കാറോടിച്ചു കയറ്റി എന്നാരോപിച്ച് കാർ തല്ലിതകർത്തതായി പരാതി. കുന്നംകുളം പഴഞ്ഞിയിലാണ് സംഭവം.
പഴഞ്ഞി ജെറുസലേം സ്വദേശി ശരത്തിന്റെ കാറാണ് തല്ലിത്തകർത്തത്. ശരത്ത് ഓടിച്ചിരുന്ന കാർ ബൈക്കിലെത്തിയ സംഘം അടിച്ചുതകർത്തുകയായിരുന്നു.
ശോഭായാത്രക്കിടയിൽ ഗതാഗത നിയന്ത്രിച്ചവർ നൽകുന്ന നിർദേശത്തെ തുടർന്ന് ശരത് കാർ മുന്നോട്ട് എടുത്തതാണ് പ്രകോപനത്തിന് കാരണം എന്നാണ് വിവരം.
കാർ മുന്നോട്ട് പോയതിൽ പ്രകോപിതരായ ചിലർ ശരത്തിനെ പിന്തുടർന്നെത്തി വാഹനം അടിച്ചു തകർക്കുകയായിരുന്നു.
അതേസമയം സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരോട് പരാതി പറയാൻ ചെന്നെങ്കിലും സംഘം വീണ്ടും ശരത്തിനെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ട്.
അജ്ഞാത വാഹനമിടിച്ച് വയോധികന്റെ മരണം
തിരുവനന്തപുരം: കിളിമാനൂരില്‍ അജ്ഞാതവാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വാഹനം ഏതെന്ന് തിരിച്ചറിഞ്ഞു. പാറശ്ശാല എസ്എച്ച്ഒ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുളള വാഹനമാണ് കിളിമാനൂര്‍ ചേണിക്കുഴി സ്വദേശി രാജനെ(59) ഇടിച്ചത്.
വാഹനമിടിച്ച ശേഷം രാജന്‍ ഏറെ നേരം റോഡില്‍ ചോരവാര്‍ന്ന് കിടന്നു. എന്നാൽ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനില്‍ കുമാറിന്റെ വാഹനമാണ് വയോധികനെ ഇടിച്ചിട്ട് കടന്നുകളഞ്ഞതെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച്ച പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം നടന്നത്. വാഹനം അമിത വേഗത്തില്‍ അലക്ഷ്യമായി ഓടിച്ചുവെന്നാണ് എഫ് ഐ ആറിലുള്ളത്.
വാഹനം ഓടിച്ചത് അനില്‍കുമാര്‍ ആണോ എന്ന് അന്വേഷിക്കും. അനില്‍കുമാര്‍ ആണെന്ന് തെളിഞ്ഞാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. വാഹനം നിര്‍ത്താതെ പോയതടക്കമുളള വകുപ്പുകള്‍ അനിൽകുമാറിനെതിരെ ചുമത്തും.
Summary: A KSRTC excursion bus met with an accident in Adimali, Idukki, leaving 16 people injured. Among them, four sustained serious head injuries.