വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ്റെ വാഹനം തടഞ്ഞു കരിങ്കൊടി കാട്ടിയ കേസിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡിൻ്റിനേയും, രണ്ടു പ്രവർത്തകരേയും ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പ്രസിഡൻ്റും ഉപ്പുതറ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ , യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഉപ്പുതറ ആശുപത്രിപ്പടി കാവുവിളയിൽ സന്തോഷ് രാജൻ, ചിന്നാർ കൈതപ്പതാൽ കണ്ണമുണ്ടയിൽ ലിൻജോ ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഔദ്യോഗിക ആവശ്യത്തിന് പഞ്ചായത്ത് ഓഫീസിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഫെബ്രുവരി നാലിന് ഉപ്പുതറയ്ക്ക് സമീപം പരപ്പ് ജങ്ഷനിലാണ് മന്ത്രിയ്ക്കെതിരെ പ്രതിഷേധിച്ചത്. ഉച്ചയ്ക്ക് 12 ഓടെ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കാൻ പീരുമേട്ടിലേയ്ക്ക് പോകുമ്പോൾ മന്ത്രിയുടെ വാഹനം തടഞ്ഞു നിർത്തി കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്.
മുന്നിൽ എസ്കോട്ട് പോയ പോലീസ് തിരിച്ചെത്തി പ്രവർത്തകരെ പിടിച്ചു മാറ്റിയ ശേഷമാണ് മന്ത്രിക്ക് യാത്ര തുടരാൻ കഴിഞ്ഞത്.വന്യജീവി ശല്ല്യം തടയാനുള്ള പദ്ധതികൾ നടപ്പിലാക്കുക, സി എച്ച്.ആർ. മേഖലയെ സംരക്ഷിത വനമാക്കുന്ന വനം വകുപ്പ് റിപ്പോർട്ട് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം.