രാജ്യം ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 154-ാംജന്മദിനം ആഘോഷിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് നെടുനായകത്വം വഹിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മാഗാന്ധി സഹനസമരം എന്ന സമരായുധം ലോകത്തിന് സംഭാവന നല്‍കുകയും അഹിംസ ജീവിതവ്രതമാക്കുകയും ചെയ്ത ചരിത്രപുരുഷനാണ്. ഗാന്ധിജിയുടെ തത്വചിന്തകളുടെ സ്മരണയ്ക്കായി ഐക്യരാഷ്ട്രസഭ ഒക്‌ടോബര്‍ രണ്ട് രാജ്യാന്തര അഹിംസാദിനമായും ആചരിക്കുന്നു.
1869 ഒക്‌ടോബര്‍ രണ്ടിന് പോര്‍ബന്തറില്‍ ജനിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ രാഷ്ട്രപിതാവായത് സ്വന്തം ജീവിതവും ജീവനും നല്‍കിക്കൊണ്ടായിരുന്നു.
എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ലോകത്തോട് വിളിച്ച് പറയാന്‍ ആര്‍ജവുമുള്ളയാളായിരുന്നു മഹാത്മാ ഗാന്ധി. 13 വയസുള്ളപ്പോള്‍ കസ്തൂര്‍ബാ ഗാന്ധിയെ വിവാഹം ചെയ്തു..1893-ല്‍ വക്കീല്‍ പ്രാക്ടീസ് ആരംഭിക്കുന്നതിനായി മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിലേക്ക് പോയി. ഏകദേശം 22 വര്‍ഷത്തോളം അവിടെ താമസിച്ചു. ദക്ഷിണാഫ്രിക്കയിലെ ജീവിതം ഗാന്ധിയുടെ ജീവിതത്തോടുള്ള വീക്ഷണത്തെയാകെ മാറ്റി മറിച്ചു. വംശീയ വിദ്വേഷത്തെ അദ്ദേഹം തുറന്നെതിര്‍ത്തു. 1915-ല്‍ മഹാത്മാഗാന്ധി ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഒരു വര്‍ഷത്തേക്ക് ഇന്ത്യയില്‍ പര്യടനം നടത്താന്‍ ഗോപാലകൃഷ്ണ ഗോഖലെ ഗാന്ധിജിയെ ഉപദേശിച്ചു. അങ്ങനെ മുംബൈയില്‍ നിന്ന് യാത്ര ആരംഭിച്ച അദ്ദേഹം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചു. 1917-ല്‍ ബിഹാറിലെ ചമ്പാരന്‍ ജില്ലയില്‍ നിന്നാണ് ഗാന്ധിജി ആദ്യമായി സത്യാഗ്രഹ പ്രസ്ഥാനം ആരംഭിച്ചത്. അങ്ങനെ സ്വാതന്ത്ര്യസമരാവേശത്തിന് പുത്തന്‍ പാത വെട്ടിത്തുറക്കുകയായിരുന്നു ഗാന്ധിജി.
ഇത് പൊരുതി നേടിയ വിജയം
ഇന്ത്യയുടെ പൗരാണിക മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് അഹിംസയിലൂടെയും സ്വാതന്ത്ര്യം നേടാന്‍ സാധിക്കുമെന്ന തത്വമായിരുന്നു ബ്രിട്ടീഷൃകാര്‍ക്കെതിരെ പോരാടാന്‍ മഹാത്മാഗാന്ധിയെ സ്വീകരിച്ചിരുന്നത്. 1930 മാര്‍ച്ച് 12-ന്
നടന്ന ഉപ്പ് സത്യാഗ്രഹം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുടെ സഞ്ചരിച്ച് സാധാരണക്കാരായ ഇന്ത്യക്കാരെ ബ്രിട്ടീഷുകാര്‍ക്കെതിരെ സംഘടിപ്പിക്കുവാന്‍ വേണ്ടി മഹാത്മജി ഉപയോഗപ്പെടുത്തി. 1942-ല്‍ വിവിധ രാഷ്ട്രീയകക്ഷികള്‍ പിന്തുണയ്ക്കാതിരുന്നിട്ടും ക്വിറ്റ് ഇന്ത്യാ സമരത്തെ വന്‍ ജനപങ്കാളിത്തത്തോടെ നടത്തി ഒരുവമ്പിച്ച വിജയമാക്കി തീര്‍ക്കാന്‍ മഹാത്മാഗാന്ധിക്ക് സാധിച്ചു.
അടിച്ചമര്‍ത്തപ്പെട്ട ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനായി സഹനസമരം നടത്തുമ്പോഴും സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തി അദ്ദേഹം. തൊട്ടുകൂടായ്മയും ജാതിവ്യവസ്ഥയും രാജ്യത്തെ ശിഥിലപ്പെടുത്തുമെന്ന തിരിച്ചറിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു.
ആദ്യം നിങ്ങളെ അവര്‍ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ പുച്ഛിക്കും, പിന്നെ ആക്രമിക്കും. എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം. ഗാന്ധിജിയുടെ ഈ വാക്കുകള്‍ പ്രചോദനമായത് ലക്ഷങ്ങള്‍ക്കാണ്. ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല, അത് തോല്‍വിയാണ്. എന്തെന്നാല്‍ അത് വെറും നൈമിഷികം മാത്രമെന്ന ഗാന്ധിയുടെ വാക്കുകള്‍ വര്‍ത്തമാനകാലത്ത് ഏറെ പ്രസക്തവുമാണ്.
സ്വാതന്ത്ര്യത്തിന്റെ മധുരം അറിയാതെ..
സഹനസമരത്തിലൂടെയും ദേശീയവാദികളായ വിപ്ലവകാരികളിലൂടെ പോരാട്ടത്തിലൂടെയും 1947 ഓഗസ്റ്റ് 15-ന് ഇന്ത്യാമഹാരാജ്യം വിദേശവാഴ്ചയില്‍ നിന്നും സ്വാതന്ത്ര്യം നേടി. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ മാധുര്യം ഒരുവര്‍ഷം പോലും നുണയാന്‍ മഹാത്മാഗാന്ധിക്ക് സാധിച്ചില്ല. സ്വാതന്ത്ര്യം പൊരുതി നേടിത്തന്നതില്‍ നന്ദി ഇല്ലാതിരുന്ന നിര്‍മല്‍ചന്ദ്രചാറ്റര്‍ജിയുടെ ഹിന്ദുമഹാസഭയില്‍ അംഗമായിരുന്ന നാഥുറാം വിനായക് ഗോദ്‌സെ ഇന്ത്യക്കാരുടെ സ്വന്തം ബാപ്പുജിയെ 1948 ജനുവരി 30-ന് വെടിവച്ച് വകവരുത്തി. ഗാന്ധിജി എന്ന മഹാത്മാവിന്റെ ജന്മദിനം ഇന്നും ഇന്ത്യയില്‍ പൊതുഅവധി ദിവസമാണ്. മാര്‍ട്ടിന്‍ ലൂഥര്‍, നെല്‍സണ്‍ മണ്ടേല, ഓങ്‌സാന്‍ സൂചി തുടങ്ങി അനേകം ലോകനേതാക്കളിലടക്കം മഹാത്മജിയുടെ ജീവിതം സ്വാധീനം ചെലുത്തി.
ജാതിവെറിയും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും അസ്വസ്ഥമാക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് മറ്റൊരു ഗാന്ധിജയന്തി ദിനം കൂടിയെത്തുന്നത്.
ജീവിതത്തിലുടനീളം ഒരിക്കല്‍ പോലും വിട്ടുവീഴ്ചയില്ലാതെ പാലിച്ച അഹിംസ എന്ന തത്വം ജീവിതത്തിന്റെ സന്ദേശമായി വരും തലമുറകളിലേയ്ക്ക് പകരാനായി മാറ്റി വെച്ചുകൊണ്ടാണ് ഗാന്ധിജി ഭാരതത്തോട് വിടചൊല്ലിയത്. ഗാന്ധിജിയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും ഏറ്റവും കഠിനമായ യുദ്ധങ്ങളില്‍ പോലും ശാന്തമായി പോരാടാന്‍ നിങ്ങളെ സഹായിക്കും. ഗാന്ധിജയന്തിആശംസകള്‍..