കല്‍പ്പറ്റ: ബിജെപിയിൽ നിന്ന് രാജിവെച്ച മുൻ വയനാട് ജില്ലാ പ്രസിഡന്‍റ് കെപി മധുവിനെ കോണ്‍ഗ്രസിലെത്തിക്കാൻ തിരക്കിട്ട നീക്കം.
ഇതുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യര്‍ കെ പി മധുവുമായി ചർച്ച നടത്തി. കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചുകൊണ്ടാണ് സന്ദീപ് വാര്യര്‍ കെപി മധുവുമായി നിര്‍ണായക ചര്‍ച്ച നടത്തിയതെന്നാണ് പുറത്തു വരുന്ന വിവരം.
സന്ദീപ് വാര്യര്‍ ബന്ധപ്പെട്ടിരുന്നുവെന്നും ആലോചിച്ച് അറിയിക്കാമെന്ന് മറുപടി നൽകിയതായും കെപി മധു മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയിൽ നിന്ന് രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് കെപി മധുവിനെ സന്ദീപ് വാര്യര്‍ ബന്ധപ്പെട്ടത്.
കെപി മധുവിനെ പാർട്ടിയിലെത്തിക്കാൻ എൽഡിഎഫ്, യുഡിഎഫ് നേതാക്കള്‍ രംഗത്തുണ്ട്. യുഡിഎഫുമായി മാത്രമല്ല, എൽഡിഎഫ് നേതാക്കളുമായും ചര്‍ച്ച നടക്കുന്നുണ്ട്. തൻ്റെ ആവശ്യങ്ങള്‍ അംഗീകരിച്ചാൽ യുഡിഎഫുമായോ എൽഡിഎഫുമായോ സഹകരിക്കുമെന്നും കെപി മധു പറഞ്ഞു.
പൊതുപ്രവര്‍ത്തനത്ത് തന്നെ ഇനിയും തുടരാനാണ് തീരുമാനം. അതിന് അനുയോജ്യമായ തീരുമാനമായിരിക്കും എടുക്കുകയെന്നും കെപി മധു പറഞ്ഞു.
ബിജെപിയിലെ ഗ്രൂപ്പ് കലഹം കേന്ദ്ര നേതൃത്വം ഇടപെട്ട് തൽക്കാലം അവസാനിപ്പിച്ചാലും വീണ്ടും അടി തുടങ്ങുമെന്നും മധു പറഞ്ഞു. രാജിവെച്ചശേഷം ബിജെപിയിൽ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്നും ചില പ്രാദേശിക പ്രവര്‍ത്തകര്‍ അവരുടെ വിഷമം പങ്കുവെച്ചെന്നും കെപി മധു പറഞ്ഞു.
സംസ്ഥാന നേതൃത്വവുമായി ഉള്ള ഭിന്നതയെ തുടർന്നാണ് ഇന്നലെയാണ് കെപി മധു രാജി പ്രഖ്യാപിച്ചത്. ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്നാണ് കെ.പി മധു ആരോപിച്ചത്.
തൃശ്ശൂരിൽ ബിജെപി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാർത്ഥിയായത് കൊണ്ടാണെന്നും എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികൾക്ക് മത്സരിക്കാൻ ആവില്ലെന്നും മധു മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിൽ പ്രവർത്തിക്കുന്ന ബിജെപിക്ക് ഒരു മാറ്റവുമുണ്ടാക്കാനായില്ലെന്നാണ് അദ്ദേഹത്തിൻ്റെ വിമർശനം.
വയനാട്ടിൽ വന്യജീവി ആക്രമണ സമരത്തിനിടെ ക്രിസ്ത്യൻ പുരോഹിതർക്കെതിരെ നടത്തിയ വിവാദ പരാമർശത്തെ തുടർന്നാണ് മധുവിനെ ജില്ലാ പ്രസിഡൻറ് സ്ഥാനത്തു നിന്ന് ബിജെപി മാറ്റിയത്.