പകൽ വീണ്ടും പൊള്ളുന്ന ചൂട് കണ്ട് ആശങ്കപ്പെടേണ്ട, ഇന്ന് ഒമ്പത് ജില്ലകളെ തണുപ്പിക്കാൻ മഴയെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഈ ജില്ലകളിൽ മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത് ഇങ്ങനെയാണ്. 14-05-2024: പത്തനംതിട്ട, 15-05-2024: തിരുവനന്തപുരം, പത്തനംതിട്ട, 16-05-2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, 17-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ നാളെ പത്തനംതിട്ടയിൽ മാത്രമാണ് മഞ്ഞ അലർട്ട്. പിന്നീടുള്ള ദിവസങ്ങളിൽ തിരുവനന്തപുരത്ത് മഴ ലഭിക്കും. കനത്ത ചൂടിൽ നിന്നും അല്പം ആശ്വാസം ലഭിച്ചതിനു പിന്നാലെ വീണ്ടും വെയിൽ കാണുമ്പോൾ മലയാളിയുടെ മനസ്സിൽ ഉയരുന്ന ആശങ്കകൾ അസ്ഥാനത്താണെന്ന് പറയുകയാണ് കാലാവസ്ഥാ വകുപ്പ്.
