കണ്ണൂര്‍: അഞ്ചു വയസുകാരിയുടെ മൂക്കിൽ തറച്ചു കയറിയ പെൻസിൽ പുറത്തെടുത്ത് ഡോക്ടർമാർ. കണ്ണൂര്‍ വെള്ളോറ കൊയിപ്രയിലാണ് സംഭവം. കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ ഇഎന്‍ടി വിഭാഗത്തിലെ ഡോക്ടര്‍മാരാണ് പെൻസിൽ പുറത്തെടുത്തത്.(A five-year-old girl got a pencil stuck in her nose; Removed)
ഒക്ടോബര്‍ ആറിന് ആണ് സംഭവം. വൈകുന്നേരം അഞ്ചു മണിയോടെയാണ് കഠിനമായ വേദനയോടെ അത്യാഹിത വിഭാഗത്തില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ പരിശോധന നടത്തിയപ്പോഴാണ് പിന്‍വശത്തേക്ക് കയറിപ്പോയ നിലയില്‍ പെൻസിൽ കണ്ടത്തിയത്. ഇഎന്‍ ടി ഡിപ്പാര്‍ട്ട്‌മെന്റിലെ എന്റോസ്‌കോപ്പി പ്രൊസീജിയര്‍ വിഭാഗത്തിലെ വിദഗ്ധ പരിശോധനയെ തുടര്‍ന്ന് പെന്‍സില്‍ ഇരിക്കുന്ന സ്ഥാനം മനസ്സിലാക്കുകയും നാസല്‍ എന്റോസ്‌കോപ്പി ഉപകരണത്തിന്റെ സഹായത്തോടെ പെന്‍സില്‍ പുറത്തെടുക്കുകയായിരുന്നു.
ഏകദേശം നാല് സെന്റിമീറ്റര്‍ നീളവും കട്ടി കൂട്ടിയതുമായ പെൻസിലാണ് കുട്ടിയുടെ മൂക്കിൽ തറച്ചിരുന്നത്. ഇഎന്‍ ടി വിഭാഗം മേധാവി ഡോ ആര്‍. ദീപ, ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ കരിഷ്മ, ഡ്യൂട്ടി പിജി ഡോ യശസ്വി കൃഷ്ണ എന്നിവരായിരുന്നു എന്റോസ്‌കോപ്പി ചെയ്ത സംഘത്തിലുണ്ടായിരുന്നത്.