തിരുവനന്തപുരം: മലപ്പുറത്തും പാലക്കാടും വാഹനാപകടത്തിൽ രണ്ടുമരണം. ഇന്ന് രാവിലെ രണ്ടിടത്തായി നടന്ന വാഹനാപകടങ്ങളിൽ രണ്ട് ഇരുചക്രവാഹന യാത്രികരാണ് മരിച്ചത്. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. മലപ്പുറം തിരൂർ നടുവിലങ്ങാടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചായിരുന്നു ആദ്യത്തെ അപകട മരണം. പാലക്കാട് മണ്ണാർക്കാട് കരിമ്പ് മാച്ചാം തോട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു മറ്റൊരു മരണം. പരുക്കേറ്റവർ ചികിത്സയിലാണ്. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.മലപ്പുറം തിരൂർ നടുവിലങ്ങാടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് യുവാവ് മരിച്ചത്. നിറമരതൂർ കുമാരൻപടി സ്വദേശി ശ്രീരാഗ് (21) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് പരുക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.
പാലക്കാടുണ്ടായ അപകടത്തിൽ മകൾക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച അച്ഛൻ കരിമ്പ തിരുത്തിപ്പള്ളിയാലിൽ മോഹനൻ (50) ആണ് മരിച്ചത്. ലോറിയെ മറികടക്കാൻ ശ്രമിച്ച ബൈക്ക്, മോഹനനും മകൾ വർഷയും സഞ്ചരിച്ച സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്ന് സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. വർഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതാണെന്നാണ് വിവരം. ബൈക്ക് യാത്രികനായ കല്ലടിക്കോട് സ്വദേശി വിഷ്ണുവിനും പരുക്കേറ്റിട്ടുണ്ട്.