കോഴിക്കോട്: അന്ത്യചുംബനം നല്‍കാന്‍ പോലുമാവാത്ത വിധം മുഖം വികൃതമാക്കിക്കൊണ്ടുള്ള അരുംകൊല. ഈ ക്രൂരതകള്‍ നമ്മുടെ വോട്ട് നേടി നിലകൊള്ളുന്ന രാഷ്ട്രീയ സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ സാക്ഷരകേരളം രാക്ഷസകേരളമായി മാറി. 51 വെട്ട്, കശാപ്പുശാലയ്ക്കപ്പുറമുള്ള കൊലപാതകം. കേരളത്തിന്റെ രാഷ്ട്രീയഭൂമികയില്‍ കൊടുങ്കാറ്റുയര്‍ത്തിയ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിനെ ഇങ്ങനെയായിരുന്നു അന്ന് രാഷ്ട്രീയ കേരളം വിശേഷിപ്പിച്ചിരുന്നത്. അത്ര മാത്രമായിരുന്നു അതിന്റെ ഭീകരത. ടി പി ചന്ദ്രശേഖരന്റെ പതിമൂന്നാം രക്ത സാക്ഷിത്വദിനം ഇന്ന്. കൊലയാളി സംഘാംഗങ്ങള്‍ ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തം പൊതു തെരഞ്ഞെടുപ്പിൽ ടിപി വിഷയത്തെ വീണ്ടും ചർച്ചയാക്കി. ഒഞ്ചിയത്ത് ടിപിയുടെ വീട്ടിൽ ഇന്ന് അനുസ്മരണ പരിപാടികൾ നടക്കും.

ജീവിച്ചിരിക്കുന്ന ടിപിയെക്കാൾ കരുത്തനാണ് മരിച്ച ടിപി; ചന്ദ്രശേഖരന്റെ തലച്ചോർ പൂക്കുലപോലെ ചിതറിക്കുമെന്ന് പ്രസംഗിച്ചവർ പ്രതികളായപ്പോൾ; 51 വെട്ടും അരുംകൊലയും നടന്നിട്ട് 13 വർഷങ്ങൾ; ടി.പി. എഫക്ടിനെ മറികടക്കാനാകാതെ സി.പി.എം
ജീവിച്ചിരിക്കുന്ന ടിപിയെക്കാൾ കരുത്തനാണ് മരിച്ച ടിപി എന്ന വാക്കുകൾ അന്വർത്ഥമാക്കുന്നതായിരുന്നു രാഷ്ട്രീയ രംഗത്തെ കഴിഞ്ഞകാല കാഴ്ചകൾ.ടി.പി. വധം സൃഷ്ടിച്ച അലയൊലികള്‍ ഇപ്പോഴും മേഖലയില്‍ നിലനില്‍ക്കുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയുടെ വിജയം ഇതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇടതുകോട്ടയെന്ന് വിളിപ്പേരുള്ള വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ ആര്‍.എം.പി. രൂപവത്കരിച്ചശേഷം ഇതുവരെ വിജയിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിലാണ് വിധി പ്രസ്താവം. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര തിരിച്ചുപിടിച്ച് മറുപടി കൊടുക്കുക എന്നത് മാത്രമാണ് സി.പി.എമ്മിന് മുന്‍പില്‍ ടി.പി. എഫക്ടിനെ മറികടക്കാനുള്ള വഴി. അതിനൊത്ത സ്ഥാനാര്‍ഥിയെ തന്നെ സി.പി.എം ഇറക്കുകയും ചെയ്തു. എന്ത് ഫലമുണ്ടാക്കുമെന്നതാണ് ഇനി കണ്ടറിയേണ്ടത്.
വിചാരണ കോടതി വിട്ടയച്ച രണ്ട് പേരെ കൂടി ഉൾപ്പെടുത്തി ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തമാണ് ഇക്കുറി ടിപി വിഷയത്തെ കൂടുതൽ ചർച്ചയാക്കിയത്. കോടതി വിധി വന്നതാകട്ടെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം പട്ടിക പുറത്തിറക്കിയ അതേ ദിവസം തന്നെയും. കേരളത്തിലെ 20 മണ്ഡലങ്ങളിലും ടിപി കേസ് വീണ്ടും ചർച്ചയായി. ആർഎംപിയുടെ രൂപീകരണ ശേഷം കൈവിട്ട മണ്ഡലം തിരികെ പിടിക്കാൻ വടകരയിൽ സിപിഎം കെ കെ ശൈലജയ്ക്ക് ആദ്യം നേരിടേണ്ടി വന്നതും ടിപിയുടെ രാഷ്ട്രീയമുയർത്തിയ വെല്ലുവിളി തന്നെ. വടകരയിലെ യഥാർത്ഥ ടീച്ചറമ്മ ആരെന്ന യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചോദ്യം ടിപിയെ കൂടുതല്‍ ചര്‍ച്ചയാക്കി. വിചാരണ കോടതി വിട്ടയച്ച ജ്യോതി ബാബുവിനെയും കൃഷ്ണനെയും കുറ്റക്കാരൻ എന്ന കണ്ടെത്തി ഹൈക്കോടതി ശിക്ഷാവിധിച്ചത് ടിപി വധ ഗൂഢാലോചനയെ കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നാവശ്യത്തിന് ശക്തി പകർന്നിട്ടുണ്ട്. ഗൂഢാലോചന കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
2012 മെയ് നാലിന് വെള്ളിയാഴ്ച്ച രാത്രി 10.15-ഓടെയാണ് വടകര കൈനാട്ടിക്ക് സമീപം വള്ളിക്കാട് ടൗണില്‍വച്ച് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാര്‍ കൊണ്ട് ഇടിച്ചു വീഴ്ത്തി കാറിലുണ്ടായിരുന്നവര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ഇവര്‍ക്ക് നേരെ ബോംബെറിഞ്ഞ അക്രമികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അര മണിക്കൂറോളമാണ് രക്തത്തില്‍ കുളിച്ച് മൃതശരീരം റോഡില്‍ കിടന്നത്. 51 മുറിവാണ് ശരീരത്തിലുണ്ടായിരുന്നത്. അത് കേരള മനഃസാക്ഷിയെ തന്നെ ഞെട്ടിച്ചു കളഞ്ഞു.