വിനോദസഞ്ചാരികളുടെ ഇഷ്ട ഇടങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ലക്ഷദ്വീപ്. ടൂറിസത്തിനായി കൂടുതല്‍ പദ്ധതികളും യാത്രസൗകര്യങ്ങളും പ്രഖ്യാപിച്ചതോടെ ലക്ഷദ്വീപിലേക്കുള്ള യാത്രക്കാരുടെ വരവും കൂടിയിട്ടുണ്ട്. കഴിഞ്ഞ മാസം മുതല്‍ ഇന്‍ഡിഗോ കോഴിക്കോട് നിന്ന് അഗത്തിയിലേക്ക് വിമാനസര്‍വീസും തുടങ്ങിയിരുന്നു.
ഇപ്പോഴിതാ ലക്ഷദ്വീപിലേക്ക് കുറഞ്ഞ ചെലവില്‍ കപ്പല്‍യാത്ര നടത്താനുള്ള അവസരവും വന്നിട്ടുണ്ട്. മംഗളൂരുവില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള പാസഞ്ചര്‍ കപ്പല്‍ സര്‍വീസാണ് യാത്രക്കാര്‍ക്ക് പുതിയ പ്രതീക്ഷയാകുന്നത്. നിലവില്‍ പരീക്ഷണ അടിസ്ഥാനത്തിലാണ് കപ്പലിന്റെ സര്‍വീസ്.
കടലിന്റെ ഭംഗിയും സാഹസികതയും ആസ്വദിച്ചുള്ള യാത്രയാണ് ഈ റൂട്ടിനെ വ്യത്യസ്തമാക്കുന്നത്. ടിക്കറ്റ് നിരക്ക് 650 രൂപ മാത്രമാണ് എന്നതാണ് വലിയ പ്രത്യേക ത. വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വു പകരുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സര്‍വീസ് തുടങ്ങിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ട്രയല്‍ റണ്‍ നടത്തിയ കപ്പലില്‍ 160 യാത്രക്കാരുണ്ടായിരുന്നു. ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലെത്തുന്നതിലും വേഗത്തില്‍ ഈ കപ്പലില്‍ മംഗളൂരുവില്‍ എത്താം. കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും ഈ സര്‍വീസ് ഗുണം ചെയ്യും. യാത്രക്കാര്‍ക്ക് 30 കിലോ വരെയുള്ള ലഗേജും കപ്പലില്‍ കൊണ്ടുപോകാം എന്നതും പ്രത്യേകതയാണ്.
ക്യാപ്റ്റന്‍, ചീഫ് ഓഫീസര്‍ അടക്കം 11 ജീവനക്കാര്‍ കപ്പലില്‍ യാത്രക്കാർക്കൊപ്പം ഉണ്ടാകും. ലക്ഷദ്വീപുകാര്‍ അല്ലാത്തവര്‍ക്ക് ടിക്കറ്റെടുക്കാന്‍ മറ്റ് അനുമതികള്‍ കൂടി നിലവില്‍ ലഭിക്കേണ്ടതുണ്ട്.
ലക്ഷദ്വീപിലേക്ക് കപ്പലില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചില കടമ്പകള്‍ കൂടി കടക്കണം. ആദ്യം വേണ്ടത് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റാണ്. ഇതുണ്ടെങ്കില്‍ മാത്രമേ ലക്ഷദ്വീപിലേക്ക് കപ്പലിലും പോകാന്‍ സാധിക്കൂ. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സന്ദര്‍ശക പെര്‍മിറ്റ് കൂടി ഉണ്ടെങ്കിലേ കപ്പലില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറ്റുകയുള്ളൂ. കപ്പല്‍യാത്രയ്ക്ക് വലിയ തിരക്കായതിനാല്‍ രണ്ടുമാസം മുമ്പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യേണ്ടിവരും.
Read Also: ഇനി അവശ്യ മരുന്നുകൾക്ക് അനാവശ്യ വിലയില്ല; വില കുറയ്ക്കണമെന്ന് കർശന നിർദ്ദേശം