തിരുവനന്തപുരം ജില്ലാ ജയിലിൽ ക്രൂരമർദനം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ജയിലിനുള്ളിൽ റിമാൻഡ് തടവുകാരനെ ജയിൽ ഉദ്യോഗസ്ഥർ ക്രൂരമായി മർദിച്ചതായി പരാതി. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മുൻ ജീവനക്കാരനായ തടവുകാരൻ ബിജുവിനാണ് മർദനമേറ്റത്.
അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലാണ് ബിജു. നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ബിജുവിന്റെ ജീവൻ നിലനിർത്തുന്നത്.
സഹപ്രവർത്തകയെ ഉപദ്രവിച്ചെന്ന കേസിലാണ് പത്തനംതിട്ട സ്വദേശി ബിജുവിനെ അറസ്റ്റിലായത്. ഇക്കഴിഞ്ഞ 12-ാം തീയതിയാണ് താൽക്കാലിക ജീവനക്കാരനായിരുന്ന ബിജുവിനെ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്‌തത്.
റിമാൻഡ് ചെയ്യുന്ന സമയത്ത് ബിജു ചില മാനസിക പ്രശ്‌നങ്ങൾ കാട്ടിയിരുന്നു. അതിനാൽ തന്നെ ഇയാൾക്ക് ചികിത്സ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
പിന്നീട് 13-ാം തീയതി വൈകിട്ടാണ് ജില്ലാ ജയിലിലെ ഓടയിൽ ഇയാളെ അബോധാവസ്ഥയിൽ കണ്ടെന്ന പേരിൽ ജയിൽ ഉദ്യോഗസ്ഥർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് സ്‌കാൻ ചെയ്‌ത് നോക്കിയപ്പോൾ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തി.
എന്നാൽ, മർദന ആരോപണം ജയിൽ ഉദ്യോഗസ്ഥർ നിഷേധിച്ചു. 12-ാം തീയതി തന്നെ കോടതി നിർദേശപ്രകാരം ജനറൽ ആശുപത്രിയിലെത്തിച്ചു.
പിറ്റേദിവസം മെഡിക്കൽ കോളേജിലെത്തിച്ച് സ്‌കാൻ ചെയ്‌തപ്പോഴാണ് ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായി കണ്ടെത്തിയത്.
എന്നാൽ ജയിൽ ഉദ്യോഗസ്ഥരാരും മർദിച്ചിട്ടില്ല. ബിജു ജയിലിലുണ്ടായിരുന്നപ്പോഴുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളുമുണ്ട്.
മാനസിക പ്രശ്‌നമുള്ള പ്രതി ഡോക്‌ടർമാരോട് എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും ജയിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
യുവാവിന്റെ കൈപ്പത്തി തകർന്നു
ചാവക്കാട്: ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് പൊട്ടിച്ച യുവാവിന്റെ കൈപ്പത്തി തകർന്നു. തൃശൂർ ചാവക്കാട് അതിസുരക്ഷാമേഖലയായ കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് മുകളിലാണ് സംഭവം.
ചാവക്കാട് മടപ്പേൻ സൽമാൻ ഫാരിസാ(26)ണ് ഗുണ്ട് പൊട്ടിച്ചത്. സംഭവത്തിൽ യുവാവിന്റെ വലതുകൈപ്പത്തി തകർക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഫാരിസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. റീൽസ് എടുക്കുന്നതിനു വേണ്ടിയാണ് ഫാരിസും സംഘവും ഗുണ്ടുമായി ലൈറ്റ് ഹൗസിന് മുകളിൽ കയറിയതെന്ന് ചാവക്കാട് പൊലീസ് പറയുന്നു.
പിന്നാലെ ലൈറ്റ് ഹൗസിന് മുകളിൽനിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടതോടെ ജനം പരിഭ്രാന്തിയിലായി.
ഉദ്യോഗസ്ഥരും നാട്ടുകാരും ഇവിടേക്ക് എത്തിയപ്പോഴേക്കും പരിക്കേറ്റ യുവാവുമായി കൂടെയുണ്ടായിരുന്നവർ ആശുപത്രിയിലേക്ക് പോയിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Summary: A complaint has been raised that jail officials brutally assaulted a remand prisoner inside the Thiruvananthapuram district jail. The victim has been identified as Biju, a former employee of Peroorkada Mental Health Centre.