ആലപ്പുഴ: ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാനൊരുങ്ങിയ യുവതിയെ സാഹസികമായി രക്ഷപെടുത്തി സിവിൽ പൊലീസ് ഓഫീസർ. ഹരിപ്പാട് സ്വദേശിനിയായ യുവതിയെയാണ് ഹരിപ്പാട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എ. നിഷാദ് രക്ഷിച്ചത്. കായംകുളം – ആലപ്പുഴ പാതയിൽ കരുവാറ്റ ഗണപതിയാകുളങ്ങര (മങ്കുഴി) ലെവൽക്രോസിനു സമീപം ഞായറാഴ്ച രാവിലെ 11.40-നായിരുന്നു സംഭവം.A civil police officer bravely rescued a young woman who was about to commit suicide by jumping in front of the train
ട്രെയിനിന് മുന്നിൽച്ചാടി ആത്മഹത്യചെയ്യാൻ പോകുകയാണെന്നും മറ്റാർക്കും പങ്കില്ലെന്നും പറഞ്ഞ് ഹരിപ്പാട് സ്വദേശിനിയായ യുവതി സ്റ്റേഷനിലേക്ക് ഫോൺ വിളിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. കുടുംബപ്രശ്‌നവും കടബാധ്യതയും കാരണമാണ് ആത്മഹത്യചെയ്യാൻ പോകുന്നതെന്നും പറഞ്ഞിരുന്നു.
എസ്.ഐ. ഷൈജ സംസാരിക്കാൻ ശ്രമിച്ചപ്പോഴേക്കും ഫോൺ ഓഫായി. സൈബർസെല്ലിന്റെ സഹായത്തോടെ ലൊക്കേഷൻ കണ്ടെത്താൻ നിർദേശം നൽകിയശേഷം നിഷാദിനെയും പൊലീസ് ഡ്രൈവർ രാഗേഷിനെയുംകൂട്ടി എസ്.ഐ. ഉടൻ തിരച്ചിലിനിറങ്ങി. ഹരിപ്പാട്ടെയും സമീപപ്രദേശങ്ങളിലെയും ലെവൽക്രോസുകളിൽ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല.
സ്വിച്ച് ഓഫായിരുന്ന ഫോൺ ഇതിനിടെ ഓണായി. ഉദ്യോഗസ്ഥർ വിളിച്ചപ്പോൾ ജീവിക്കാൻ ആഗ്രഹമില്ലെന്നും ട്രെയിൻ കാത്തുനിൽക്കുകയാണെന്നും പറഞ്ഞു. സ്ഥലം എവിടെയാണെന്ന ചോദ്യത്തിന് അമ്പലത്തിനടുത്താണെന്നു പറഞ്ഞ് ഫോൺ ഓഫാക്കി. ഇതിനിടെ ലൊക്കേഷൻ ആയാപറമ്പ് ഭാഗത്താണെന്നു കണ്ടെത്തി. അവിടെ ക്ഷേത്രമുള്ളത് ഗണപതിയാകുളങ്ങര ലെവൽക്രോസിനു സമീപമാണെന്നു മനസ്സിലാക്കിയ പോലീസ് അവിടേക്കു കുതിച്ചു.
ഗണപതിയാകുളങ്ങര ലെവൽക്രോസിൽ വാഹനങ്ങൾ കടന്നുപോകുന്നത് അടിപ്പാതയിലൂടെയാണ്. റോഡിൽ നിന്നാൽ റയിൽവെപാത കാണാനാകില്ല. നിഷാദ് മുകളിലേക്കു കയറുമ്പോഴാണ് ആലപ്പുഴ ഭാഗത്തുനിന്നെത്തിയ ട്രെയിനിന് മുന്നിൽ ചാടാനായി യുവതി നിൽക്കുന്നതു കണ്ടത്. ഉടൻ ഷാളിൽ പിടിച്ച് പിന്നിലേക്കു വലിച്ചിട്ടു.
തുടർന്ന് യുവതിയെ അനുനയിപ്പിച്ച് ജീപ്പിൽ സ്റ്റേഷനിലെത്തിച്ചശേഷം ബന്ധുക്കളെ വിളിച്ചുവരുത്തി ഒപ്പം വിട്ടു. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ വീടുവിട്ടിറങ്ങിയെന്നാണ് യുവതി പോലീസിനോടു പറഞ്ഞത്. സംഭവം നടന്നത് വീയപുരം സ്റ്റേഷൻ പരിധിയിലാണ്. അതിനാൽ തുടർനടപടി വീയപുരം പോലീസാണു സ്വീകരിക്കുക.