മുംബൈ∙ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരായ ഇൻസ്റ്റഗ്രാം പോസ്റ്റ് ഷെയർ ചെയ്ത് മുംബൈ ഇന്ത്യൻസ് താരം. അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് നബിയാണ് പോസ്റ്റ് ഷെയർ ചെയ്തത്. നബിയെക്കൊണ്ട് പന്തെറിയിക്കാതിരുന്ന പാണ്ഡ്യയുടെ തീരുമാനം വിചിത്രമായി തോന്നിയെന്നായിരുന്നു പോസ്റ്റ്. മുംബൈ ഇന്ത്യൻസ് ആരാധകന്റെ പോസ്റ്റാണ് അഫ്ഗാൻ താരം ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കിയത്. പിന്നീട് അബദ്ധം മനസ്സിലായതോടെ നിമിഷങ്ങൾക്കകം ഇതു നീക്കം ചെയ്തു. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയി. സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചു കഴിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ സ്പിന്നറായ മുഹമ്മദ് നബിക്ക് പന്തെറിയാൻ അവസരം ലഭിച്ചിരുന്നില്ല. ഇതാണ് ഇജാസ് അസീസി എന്ന ആരാധകനെ പ്രകോപിപ്പിച്ചത്. പഞ്ചാബിനെതിരെ ബാറ്റിങ്ങിലും തിളങ്ങാൻ നബിക്ക് സാധിച്ചിരുന്നില്ല. ബാറ്റിങ്ങിന് ഇറങ്ങിയതിനു തൊട്ടുപിന്നാലെ റൺഔട്ടാകുകയായിരുന്നു.