ട്രെയിനിൽ കവർച്ചാശ്രമം
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ മോഷണ ശ്രമം ചെറുക്കുന്നതിനിടെ 64-കാരിക്ക് പരിക്ക്. തൃശ്ശൂർ തലോർ സ്വദേശിനി വൈക്കാടൻ വീട്ടിൽ അമ്മിണി ജോസ് (64) ആണ് ആക്രമണത്തിനിരയായത്.
ബാഗ് കവർച്ച പ്രതിരോധിക്കുന്നതിനിടെ അമ്മിണിയെ മോഷ്ടാവ് തീവണ്ടിയുടെ വാതിലിലൂടെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു.
ചണ്ഡീഗഢ്-കൊച്ചുവേളി കേരള സമ്പർക്ക് ക്രാന്തി എക്സ്പ്രസിലെ എസ്-1 സ്ളീപ്പർകോച്ചിൽ വെച്ചാണ് സംഭവം.
എസ്-1 കോച്ചിന്റെ വാതിലിനോടു ചേർന്ന സൈഡ് സീറ്റുകളിലായിരുന്നു ഇവർ യാത്ര ചെയ്തിരുന്നത്. തീവണ്ടി കോഴിക്കോട് നിർത്തിയപ്പോൾ ഒപ്പമുണ്ടായിരുന്ന സഹോദരൻ വർഗീസ് ബാത്ത്റൂമിലേക്ക് പോയി.
തുടർന്ന് തീവണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ അമ്മിണി എഴുന്നേറ്റു നിന്ന് സാരി ശരിയാക്കുന്നതിനിടെ സീറ്റിലുണ്ടായിരുന്ന ബാഗെടുത്ത് മോഷ്ടാവ് ഓടാൻ ശ്രമിക്കുകയായിരുന്നു.
ഉടൻ തന്നെ അമ്മിണി ബാഗിൽ പിടിക്കുകയും മോഷ്ടാവിനെ പ്രതിരോധിക്കുകയും ചെയ്തു. ഇതിനിടെ ബാഗ് ബലമായി തട്ടിയെടുത്ത മോഷ്ടാവ് അമ്മിണിയെ വാതിലിലൂടെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ഇവർ വീണതിനു പിന്നാലെ മോഷ്ടാവും പുറത്തേക്ക് ചാടി.
സംഭവ സമയത്ത് കോച്ചിലെ മറ്റുയാത്രക്കാർ ഉറക്കമായിരുന്നു. ശബ്ദം കേട്ട് ബാത്ത്റൂമിൽ നിന്ന് പുറത്തേക്കു വന്ന അമ്മിണിയുടെ സഹോദരൻ വർഗീസ് ടിടിഇയുടെ സഹായത്തോടെ ചെയിൻ വലിച്ച് തീവണ്ടി നിർത്തി.
തലപൊട്ടി ചോരയൊലിച്ചു നിന്ന അമ്മിണിയെ തിരിച്ചുകയറ്റി യാത്ര തുടർന്നു. തിരൂരിൽ ഇറക്കിയ അമ്മിണിക്കൊപ്പം സഹോദരൻ വർഗീസും സഹയാത്രികൻ താനൂർ സ്വദേശി മുഹമ്മദ് ജനീഫും റെയിൽവേ പോലീസും ഒപ്പമിറങ്ങി.
തുടർന്ന് അമ്മിണിയെ ആംബുലൻസിൽ ആദ്യം തിരൂരിലെ ഒരു ആശുപത്രിയിലെത്തിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലയിലെ മുറിവിന് തുന്നലിട്ട ശേഷം ബന്ധുക്കളെത്തി വൈകീട്ടോടെ ഇവരെ തൃശ്ശൂരിലേക്ക് കൊണ്ടുപോയി.
മുംബൈയിൽ സഹോദരന്റെ വീട്ടിൽ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു അമ്മിണിയും സഹോദരൻ വർഗീസും. ഉത്തരേന്ത്യക്കാരനെന്ന് സംശയിക്കുന്ന ഒരാളാണ് മോഷണശ്രമം നടത്തിയതെന്ന് അമ്മിണി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
തീവണ്ടിയ്ക്ക് വേഗം തീരേകുറവായതും ഇവർ വീണ സ്ഥലത്ത് വലിയ അപകടങ്ങളുണ്ടാക്കാവുന്ന വസ്തുക്കൾ ഇല്ലാതിരുന്നതും അമ്മിണിക്ക് രക്ഷയായി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ സ്കാനിങ്ങിലും ആന്തരികമായി മറ്റു പ്രശ്നങ്ങൾ കണ്ടില്ലെന്ന് ഡോക്ടർ അറിയിച്ചു.
അമ്മിണി തീവണ്ടിയിൽ നിന്ന് വീണ് നിമിഷങ്ങൾക്കുള്ളിൽ തൊട്ടടുത്ത ട്രാക്കിലൂടെ അന്ത്യോദയ എക്സ്പ്രസും കടന്നുപോയിരുന്നു. വീണതിന്റെ ഒരു മീറ്റർ അകലെ ഇരുമ്പുപോസ്റ്റും സിഗ്നൽ കമ്പികളും കിടക്കുന്നുണ്ട്.
Summary: A 64-year-old woman, Ammini Jose from Thalore, Thrissur, was injured while preventing a theft attempt on a moving train.