തിരുവനന്തപുരത്ത് ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊന്നു
തിരുവനന്തപുരം: മദ്യലഹരിയിൽ ചെറുമകന്‍ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച മുത്തശ്ശൻ കൊല്ലപ്പെട്ടു. തിരുവനന്തപുരം പാലോട്- ഇടിഞ്ഞാറിലാണ് സംഭവം. ഇടിഞ്ഞാര്‍ സ്വദേശി രാജേന്ദ്രന്‍ കാണി (58)യാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിന് പിന്നാലെ രാജേന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജേന്ദ്രനെ ആക്രമിക്കുന്ന സമയത്ത് ചെറുമകൻ മദ്യലഹരിയിലായിരുന്നു എന്നാണ് വിവരം.
ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. സംഭവത്തിൽ ചെറുമകനെ പാലോട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അജ്ഞാത വാഹനമിടിച്ച് വയോധികന്റെ മരണം
തിരുവനന്തപുരം: കിളിമാനൂരില്‍ അജ്ഞാതവാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വാഹനം ഏതെന്ന് തിരിച്ചറിഞ്ഞു. പാറശ്ശാല എസ്എച്ച്ഒ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുളള വാഹനമാണ് കിളിമാനൂര്‍ ചേണിക്കുഴി സ്വദേശി രാജനെ(59) ഇടിച്ചത്.
വാഹനമിടിച്ച ശേഷം രാജന്‍ ഏറെ നേരം റോഡില്‍ ചോരവാര്‍ന്ന് കിടന്നു. എന്നാൽ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനില്‍ കുമാറിന്റെ വാഹനമാണ് വയോധികനെ ഇടിച്ചിട്ട് കടന്നുകളഞ്ഞതെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച്ച പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം നടന്നത്. വാഹനം അമിത വേഗത്തില്‍ അലക്ഷ്യമായി ഓടിച്ചുവെന്നാണ് എഫ് ഐ ആറിലുള്ളത്.
വാഹനം ഓടിച്ചത് അനില്‍കുമാര്‍ ആണോ എന്ന് അന്വേഷിക്കും. അനില്‍കുമാര്‍ ആണെന്ന് തെളിഞ്ഞാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. വാഹനം നിര്‍ത്താതെ പോയതടക്കമുളള വകുപ്പുകള്‍ അനിൽകുമാറിനെതിരെ ചുമത്തും.
അബദ്ധത്തിൽ കാറിടിച്ച് സുഹൃത്ത് മരിച്ചു; മറച്ചുവെച്ച ശേഷം യുവാവ് ചെയ്തത്… ഒടുവിൽ അറസ്റ്റ്
മൂവാറ്റുപുഴ കല്ലൂർക്കാട് ചാറ്റുപാറ പൊമ്പനാൽ പ്രദീപിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സുഹൃത്തും അയൽവാസിയുമായ നാഗപ്പുഴ പ്ലാമൂട്ടിൽ ജോമിൻ ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച രാത്രി പതിനൊന്നോടെ പാണംകുട്ടിപ്പാറ–തോണിക്കുഴി റോഡരികിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ പ്രദീപിനെ നാട്ടുകാർ കണ്ടെത്തിയിരുന്നു.
നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായ പരുക്കേറ്റ പ്രദീപിനെ തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടക്കത്തിൽ പരുക്കേറ്റ സാഹചര്യത്തെക്കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ല.
എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വാഹനാപകടം മൂലമാണ് പരുക്കുകളുണ്ടായതെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവസ്ഥലത്ത് തന്നെ വാഹനാപകടത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച പൊലീസ് ഇടിച്ച വാഹനത്തെ തിരിച്ചറിഞ്ഞു.
അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള ഒരു വർക്ക്‌ഷോപ്പിൽ നിന്നാണ് വാഹനത്തെ കണ്ടെത്തിയത്. അന്വേഷണം പുരോഗമിച്ചപ്പോൾ കാർ ഉടമയായി ജോമിൻ ജോസിനെയാണ് പൊലീസ് തിരിച്ചറിഞ്ഞത്.
ചോദ്യം ചെയ്യലിൽ ജോമിൻ കുറ്റം സമ്മതിച്ചു. തന്റെ കാറാണ് പ്രദീപിനെ ഇടിച്ചതെന്നും, പേടിച്ചിട്ടാണ് വിവരം മറച്ചുവെച്ചതെന്നും അദ്ദേഹം മൊഴി നൽകി.
പ്രദീപ് പരുക്കേറ്റ് വീണുകിടക്കുന്നത് കണ്ടപ്പോൾ നാട്ടുകാരെ അറിയിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മുൻകയ്യെടുക്കുകയും ചെയ്തതും ജോമിനായിരുന്നു.
എന്നാൽ ഇടിച്ചതിന് പിന്നാലെ കാർ സുഹൃത്തിന്റെ വർക്ക്‌ഷോപ്പിൽ എത്തിച്ചുവെച്ച ശേഷമാണ് അദ്ദേഹം മടങ്ങിയെത്തിയത്.
സംഭവത്തിൽ ജോമിൻ തന്നെയാണ് ഉത്തരവാദിയെന്ന് പുറത്തുവന്നതോടെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കാർ പാർക്ക് ചെയ്തിരുന്ന വർക്ക്‌ഷോപ്പിനരികിലും ആളുകൾ പ്രതിഷേധിച്ചു.
Summary: A 58-year-old man was killed after being brutally stabbed by his grandson under the influence of alcohol at Palode-Idinjar, Thiruvananthapuram. The deceased has been identified as Rajendran Kani, a native of Idinjar.