ജിമ്മിൽ ട്രെഡ് മില്ലിൽ നടക്കവേ ബാലൻസ് തെറ്റി ജനലിലൂടെ കെട്ടിടത്തിനു താഴേക്ക് വീണ് 22കാരിയായ യുവതിക്ക് ദാരുണാന്ത്യം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. മുഖം തുടയ്ക്കാനായി ടവൽ എടുക്കുമ്പോൾ ബാലൻസ് തെറ്റി തുറന്നുകിടന്ന ജനലിലൂടെ കെട്ടിടത്തിനു താഴേക്ക് വീഴുന്നതാണ് വിഡിയോയിലുള്ളത്. യുവതിയുടെ പേര് പുറത്തുവിട്ടിട്ടില്ല. (A 22-year-old woman lost her balance while walking on the treadmill and dead)
ഇന്തോനീഷ്യയിലെ പോണ്ടിയാനകിൽ ആണ് സംഭവം നടന്നത്. വീഴുമ്പോൾ ജനലിൽ പിടിക്കാൻ യുവതി ശ്രമിച്ചെങ്കിലും മൂന്നുനില കെട്ടിടത്തിൽനിന്ന് താഴേക്ക് വീണു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടകരമായ രീതിയിലാണ് ട്രെഡ്മിൽ സ്ഥാപിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ജനൽ തുറക്കരുതെന്ന് ജിം അധികൃതർ സ്റ്റിക്കർ പതിച്ചിരുന്നെങ്കിലും അവ ഇളകിപോയിരുന്നതായി കണ്ടെത്തി.
അപകടം നടക്കുന്ന സമയത്ത് ജിമ്മിലെ പരിശീലകൻ മറ്റൊരു ഭാഗത്തായിരുന്നു. ജിം മൂന്നു ദിവസത്തേക്ക് അടച്ചു.ആൺസുഹൃത്തിനോടൊപ്പമാണ് യുവതി ജിമ്മിലെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആൺസുഹൃത്ത് രണ്ടാംനിലയിൽ വ്യായാമം ചെയ്യുമ്പോഴാണ് യുവതി മൂന്നാം നിലയിൽനിന്ന് വീണത്.