പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 19 കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും വഴിയിൽ വീണുകിടന്നിരുന്ന പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികനായ 19 കാരന് ദാരുണാന്ത്യം. തിരുവനന്തപുരം നെടുമങ്ങാട് ആണ് ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ അപകടം നടന്നത്. പനയമുട്ടം സ്വദേശി അക്ഷയ് ആണ് മരിച്ചത്.
കാറ്ററിങിന് പോയി മടങ്ങി വരുന്ന സമയത്താണ് അപകടം ഉണ്ടായത്. മൂന്ന് പേരായിരുന്നു ബൈക്കിലുണ്ടായിരുന്നത്. അക്ഷയ് ആണ് ബൈക്ക് ഓടിച്ചതെന്ന് പൊലീസ് പറയുന്നു. ഇന്നലെ പെയ്ത കനത്തമഴയിലും കാറ്റിലുമായി മരം റോഡില്‍ വീണു കിടന്നിരുന്നു.ഇതിനോടൊപ്പം തന്നെ ഇലക്ട്രിക് പോസ്റ്റും ഉണ്ടായിരുന്നു. ഈ ലൈനില്‍ തട്ടി അക്ഷയിന് ഷോക്കേല്‍ക്കുകയായിരുന്നു.
ഉള്ളുലഞ്ഞ് സുജ; മിഥുന്റെ അമ്മ നാട്ടിലെത്തി
കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളിൽ വെച്ച് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ അമ്മ സുജ നാട്ടിലെത്തി.
ഇന്ന് രാവിലെ 8.50ന് ഇന്‍ഡിഗോ വിമാനത്തിലാണ് കുവൈറ്റില്‍ നിന്നും സുജ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.
വിമാനത്താവളത്തില്‍ ഇളയമകനും ബന്ധുക്കളും സുജയെ കാത്ത് നിന്നിരുന്നു. വിമാനത്താവളത്തില്‍ നിന്നും പൊലീസ് അകമ്പടിയില്‍ സുജയും ബന്ധുക്കളും കൊല്ലത്തേക്ക് പുറപ്പെട്ടു.
ആറ് മാസം മുൻപാണ് സുജ കുവൈറ്റിലേക്ക് പോയത്. അവിടെ വീട്ടുജോലി നൽകിയ കുടുംബത്തിനൊപ്പം രണ്ട് മാസം മുൻപ് തുർക്കിയിലേക്ക് പോയിരുന്നു. തുർക്കിയിൽ നിന്ന് ഇന്നലെയാണ് സുജ കുവൈറ്റിൽ എത്തിയിത്.
അതിനിടെ, മിഥുന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്കാണ് വീട്ടുവളപ്പില്‍ നടക്കുക. 10 മണി മുതല്‍ സ്‌കൂളില്‍ പൊതുദര്‍ശനം ഉണ്ടാകും. തുടർന്ന് 12 മണിക്ക് മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോകും.
സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാനായി കയറിയപ്പോഴാണ് തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനില്‍ മനുവിന്റെയും സുജയുടെയും മകനുമായ മിഥുന്‍ മനു (13) ഷോക്കേറ്റ് മരിച്ചത്.
ആ വീട് നിറയെ മിഥുൻ വരച്ച സ്വപ്നങ്ങളായിരുന്നു
കൊല്ലം: ചോർന്നൊലിക്കുന്ന ആ വീട് നിറയെ മിഥുൻ വരച്ച സ്വപ്നങ്ങളായിരുന്നു. അവൻ വീടിൻ്റെ ഭിത്തിയിൽ വരച്ച മുറ്റമാകെ പൂച്ചെടികളും മരങ്ങളുമുള്ള വീട്.
ആകാശം നിറയെ പറന്നു നടക്കുന്ന മേഘങ്ങളും പക്ഷികളും. വിളന്തറയിലെ അവരെ വീടിന്റെ ചുവരുകളിൽ അവനൊരിക്കലും മരണമുണ്ടാവില്ല.
തേവലക്കര ബോയ്‌സ് സ്‌കൂളിൽ കഴിഞ്ഞ ദിവസം ഷോക്കേറ്റു മരിച്ച മിഥുൻ, ദിവസം രണ്ട് പിന്നിടുമ്പോഴും നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണ്.
മഴയിൽ കുതിർന്ന,ചെങ്കല്ലുകൾ നിറം പിടിച്ച ഭിത്തികളിൽ ഫുട്ബാൾ ഗ്രൗണ്ടടക്കം മറ്റ് പല സ്വപ്നങ്ങളും അവൻ വരച്ചിരുന്നു.
ചിത്രത്തിനരികിൽ അച്ഛന്റെയും അമ്മയുടെയും അനുജന്റെയും തന്റെയും പേരുകൾ ഹൃദയമുദ്ര കൊണ്ട് കോർത്തെഴുതി വച്ചിട്ടുണ്ട്.
ചോർന്നൊലിക്കാത്ത വീട് എന്ന സ്വപ്നം അച്ഛനും അമ്മയ്ക്കും അനുജനും വേണ്ടി അവനും ഏറെ സ്വപ്നം കണ്ടിരുന്നു.
ഈ സ്വപ്നം സഫലമാക്കാനാണ് അമ്മ സുജ കുവൈറ്റിലേക്ക് വീട്ടുജോലിക്ക് പോയത്. വീടും 10 സെന്റ് ഭൂമിയും ജപ്തിയുടെ വക്കിലാണ്.
എന്റെ പൊന്നുമോനെ ഇങ്ങു കൊണ്ടു വാ… എന്ന് വിലപിക്കുകയാണ് അച്ഛാമ്മ മണിയമ്മ. ഹൃദയത്തിലെ വിങ്ങൽ അച്ഛൻ മനുവിന്റെ നിറഞ്ഞ കണ്ണിൽ കാണാമായിരുന്നു. മിഥുന്റെ അനുജൻ സുജിൻ ആരോടും ഒന്നും മിണ്ടുന്നില്ല
English Summary :
A 19-year-old bike rider met a tragic end after getting electrocuted from an electric post that had fallen on the road due to heavy rain and strong winds