കാര്യം ഒരു തടി കഷ്ടമാണ്. എന്നാൽ വെറും 10 ഗ്രാം തടികഷ്ണത്തിന് ഒരു കിലോഗ്രാം സ്വർണ്ണത്തെക്കാൾ വിലയുണ്ട്. അങ്ങിനൊരു മരമുണ്ടോ..? ഉണ്ട്. അഗർവുഡ് ഇനത്തിൽ എറ്റവും അപൂർവമായ കൈനം എന്നറിയപ്പെടുന്ന മരമാണ് ലോകത്തിലെ എറ്റവു വിലപിടിപ്പുള്ള മരമായി കണക്കാക്കപ്പെടുന്നത്.
വെറും 10 ഗ്രാം കൈനത്തിന് 85.63 ലക്ഷം രൂപ (103,000 ഡോളർ) വില ലഭിക്കുമെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഈ തുകയ്ക്ക് ഒരാൾക്ക് ഏകദേശം 1 കിലോ സ്വർണ്ണം വാങ്ങാം. 600 വർഷം പഴക്കമുള്ള കൈനത്തിന്റെ 16 കിലോഗ്രാം കഷണം 171 കോടി രൂപയ്ക്കാണ് (20.5 മില്യൺ ഡോളർ) വിറ്റുപോയത്.
തെക്കുകിഴക്കൻ ഏഷ്യ, ഇന്ത്യ, ചൈന, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ സാധാരണയായി കാണപ്പെടുന്ന അഗർവുഡിന്റെ പ്രത്യേകത അതിന്റെ സമാനതകളില്ലാത്ത സുഗന്ധം തന്നെയാണ്. ഇതിനെ പലപ്പോഴും “ദൈവങ്ങളുടെ മരം” എന്നും വിളിക്കാറുണ്ട്.
പെർഫ്യൂം വ്യവസായത്തിൽ, പ്രത്യേകിച്ച് ഊദിന്റെ ഉൽപാദനത്തിനു വേണ്ടിയാണിത് പ്രധാനമായും ഇതിന്റ തടി ഉപയോഗിക്കുന്നത്. ലഭ്യതക്കുറവും സമാനതകളില്ലാത്ത സുഗന്ധവും കൈനത്തിനെ കൊതിപ്പിക്കുന്ന നിധിയാക്കിമാറ്റുന്നു.
അഗർവുഡ് സൃഷ്ടിക്കുന്ന സങ്കീർണ്ണമായ പ്രക്രിയയാണ് കൈനാമിന്റെ അസാധാരണ മൂല്യത്തിന് പിന്നിലെ കാരണം. അഗർവുഡ് ഒരു പ്രത്യേക തരം പൂപ്പലിന്റെ അണുബാധയ്ക്ക് വിധേയമാകുമ്പോഴാണ് പരിവർത്തനം സംഭവിക്കുന്നത്. ഇതിന്റെ പ്രതിപ്രവർത്തനത്തിന്റെ ഫലമായി മരത്തിൽ ഇരുണ്ടതും സുഗന്ധമുള്ളതുമായ ഒരു കറ സ്രവിക്കുന്നു.
ഇത് ക്രമേണ മരത്തെ സുഗന്ധമുള്ളതാക്കിമാറ്റുന്നു. പതിറ്റാണ്ടുകളാണ് ഈ പ്രക്രിയയ്ക്ക് ആവശ്യമായി വരുന്നത്. അഗർവുഡ് മരങ്ങളിൽ വളെരെ ചെറിയ ഒരു വിഭാഗത്തിൽ മാത്രമെ കൈനം എന്ന് തരംതിരിക്കാവുന്ന രീതിയിൽ ഈ രാസ പ്രവർത്തനങ്ങൾ നടക്കാറുള്ളു.
ജപ്പാനിലും ചൈനയിലും ഈ മരം ആത്മീയപരായ ആചാരങ്ങളിലും പ്രധാന സ്ഥാനം വഹിക്കുന്നു. ഇന്ത്യയിൽ അഗർവുഡിന്റെ തലസ്ഥാനമായി അറിയപ്പെടുന്നത് അസമാണ്. അസമിൽ പ്രാദേശിക കർഷകർ ഈ മരം കൃഷി ചെയ്യുകയും വിളവെടുക്കുകയും ചെയ്യുന്നു.
മിഡിൽ ഈസ്റ്റിൽ, അതിഥികളെ സ്വാഗതം ചെയ്യുന്നതിനായി പരമ്പരാഗതമായി അഗർവുഡിന്റെ ചെറിയ കഷണങ്ങൾ കത്തിക്കാറുണ്ട്. കൊറിയയിൽ ഔഷധ വൈനുകളിൽ ഈ മരം ഒരു അവശ്യ ഘടകമാണ്.









