കണ്ണൂർ: വൈദ്യുതി വിതരണം നിലച്ചതോടെ ദുരിതത്തിലായി കണ്ണൂർ ജില്ലാ ആശുപത്രിയിലെ അമ്മമാരും നവജാതശിശുക്കളും. ഇന്നലെയാണ് സംഭവം. 9 മണിയോടെ നിലച്ച വൈദ്യുതിബന്ധം വൈകിട്ട് 7.40ന് ആണ് പുനഃസ്ഥാപിച്ചത്.
ഇതോടെ നവജാത ശിശുക്കളും അമ്മമാരും ഉൾപ്പെടെയുള്ളവർ കൊടുംചൂടിൽ വലഞ്ഞു. പ്രസവത്തിനായി കാത്തിരിക്കുന്നവരും പ്രസവം കഴിഞ്ഞ് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡുകളിൽ പ്രവേശിപ്പിച്ചവരും കൂട്ടിരിപ്പുകാരും ജീവനക്കാരും ദുരിതത്തിലായി. പലവട്ടം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് കൂട്ടിരിപ്പുകാർ ആരോപിച്ചു.
വൈകിട്ടായതോടെ പൂർണമായും ഇരുട്ടായി. ഇതോടെ മൊബൈൽ ഫോണും എമർജൻസി ലാംപും ഉപയോഗിച്ചാണ് വാർഡിൽ ആളുകൾ കഴിച്ചുകൂട്ടിയത്. ചൂടിനൊപ്പം കൊതുക് ശല്യവുമായതോടെ വാർഡിലുള്ളവർ രോഷപ്രകടനവും നടത്തി.
പ്രസവത്തിനായി പ്രവേശിപ്പിച്ചവരിൽ ഒരാളുടെ ബന്ധുക്കൾ പറഞ്ഞതനുസരിച്ച് കോർപറേഷൻ സ്ഥിരസമിതി അധ്യക്ഷൻ സിയാദ് തങ്ങൾ ആശുപത്രിയിലെത്തി സൂപ്രണ്ടുമായി സംസാരിച്ചിരുന്നു. ആശുപത്രിയിൽ നടക്കുന്ന നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്നാണ് അധികൃതരുടെ വാദം.
എന്നാൽ പ്രവൃത്തി പൂർത്തിയാക്കി അഞ്ചു മണിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥർ പോയെങ്കിലും അപ്പോഴും അമ്മയും കുഞ്ഞും ബ്ലോക്കിലേക്കുള്ള വൈദ്യുതി പുനഃസ്ഥാപിച്ചിരുന്നില്ല.