അടിമാലി: ഇടുക്കിയിൽ വീടുവീടാന്തരം കയറിയിറങ്ങി വ്യാജ ആയുർവേദ മരുന്നു കച്ചവടം. ഡയറക്ട് മാർക്കറ്റിങ്ങിന്റെ പേരിലാണ് വ്യാജ ആയുർവേദ മരുന്നുകൾ ജില്ലയിൽ പ്രചരിക്കുന്നത്. ഇത് വലിയ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്ന സന്ദേശവുമായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്.
അടുത്ത നാളുകളായി ഇടുക്കിയിൽ ഇത്തരം വ്യാജ ആയുർവേദ മരുന്നുകളുടെ വിൽപ്പന കൂടി വരുകയാണ്. സമീപ ജില്ലകളിൽ നിന്നുള്ള സ്ത്രീകളാണ് ഇടുക്കിയിൽ എത്തി മരുന്ന് വിൽപ്പന നടത്തുന്നത്. പ്രദേശവാസികളായ സ്ത്രീകളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തുവാനുള്ള ശ്രമവും വ്യാപകമായി നടക്കുന്നുണ്ട്.
മരുന്നുകളെ സംബന്ധിച്ച് യാതൊരു അടിസ്ഥാന വിദ്യാഭ്യാസവും ഇല്ലാത്തവരാണ് ഇവർ. പറയുന്ന അസുഖത്തിനും അപ്പോൾ തന്നെ മരുന്ന് നൽകുകയാണ് പതിവ്. പണം തവണകളായി നൽകിയാൽ മതി എന്നു പറയുമ്പോൾ ആരും വീണു പോകും.
ഇത്തരം തട്ടിപ്പുകളിൽ പെട്ടുപോകരുതെന്ന് സന്ദേശവുമായാണ് ആയുർവേദ മെഡിക്കൽസിയേഷൻ രംഗത്ത് വന്നിരിക്കുന്നത്. മരുന്നുകൾ
ഉപയോഗിക്കുന്നതിന് മുമ്പ് അംഗീകൃത ആയുർവേദ ഡോക്ടറുടെ ഉപദേശം സ്വീകരിക്കണം. അല്ലാത്തപക്ഷം ഇത് വലിയ പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് മെഡിക്കൽ അസോസിയേഷൻ പറയുന്നു.
ഇത്തരം മരുന്നുകൾ കുട്ടികൾക്ക് നൽകുന്നത് ഭാവിയിൽ അത് വലിയ ആരോഗ്യപശ്നങ്ങൾക്ക് കാരണമാകുമെന്നും ആയുർവേദ ഡോക്ടർമാർ പറയുന്നു. ആയുർവേദ മരുന്നുകളോട് മലയാളിക്ക് വലിയ ആത്മബന്ധമുണ്ട്. എന്നാൽ, ആയുർവേദത്തിലുള്ള ആ പരമ്പരാഗത വിശ്വാസം മുതലെടുത്താണ് വ്യാജമരുന്നുകൾ ധാരാളമായി വിറ്റഴിക്കുകയാണ്.
ഓൺലൈൻ വഴിയും വീടുവീടാന്തരം കയറിയിറങ്ങിയും വിൽക്കുന്ന വ്യാജ മരുന്നുകൾ വാങ്ങുന്നത് ആയുർവേദം അപകടമല്ലെന്ന ആത്മവിശ്വാസത്തിലാണ്. കൃത്യമായ രോഗനിർണയം പോലും നടത്താതെ വാങ്ങി ഉപയോഗിക്കുന്നവരുണ്ട്. ഒറ്റമൂലിയായും സർട്ടിഫിക്കേഷനുള്ള ഫുഡ് സപ്ലിമെന്റായുമൊക്കെയാണ് ഇത്തരം മരുന്നുകളെ തട്ടിപ്പുകാർ പരിചയപ്പെടുത്തുന്നത്.
എന്നാൽ, അത്തരമൊരു സർട്ടിഫിക്കറ്റ് മരുന്നുകൾക്ക് നൽകുന്നില്ലെന്ന് ആയുഷ് വകുപ്പുതന്നെ വ്യക്തമാക്കുന്നു. ആയുർവേദ മരുന്ന് നിർമാണത്തിനും വിൽപനക്കും ഡ്രഗ് സൻസും ഗുഡ് മാനുഫാക്ചറിങ് പ്രാകീസ് (ജി.എം.പി) സർട്ടിഫിക്കേഷനും നിർബന്ധമാണെന്നിരിക്കെ ഇതൊന്നുമില്ലാതെയാണ് ഇത്തരം ആയുർവേദമരുന്നുകൾ നിർമ്മിക്കുന്നത്.
ഇത്തരം മരുന്നുകൾ ചെറുതും വലുതുമായ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ള പാരമ്പര്യചികിത്സകർ എന്ന പേരിൽ തട്ടിപ്പു നടത്തുന്ന സംഘം വ്യാപകമാണ്. ലാടവൈദ്യൻ എന്ന പേരിലും വ്യാജന്മാർ രംഗത്തുണ്ട്.
സ്ത്രീകൾ മാത്രമുള്ള വീടുകളിലെത്തി ബോഡി ഷെയിമിംഗ് നടത്തിയശേഷം വണ്ണം കുടുതൽ, നിറം കുറവ്, മുഖക്കുരു തുടങ്ങിയവക്കാണ് മരുന്നുകൾ ഏറെയും നൽകുന്നത്.
ചില പച്ചമരുന്നു കൂട്ടുകൾ പറഞ്ഞു കൊടുക്കും. അങ്ങാടികടയിൽ നിന്നും വാങ്ങിയാൽ മതിയെന്ന് പറയും. പക്ഷെ കേരളത്തിലെ അങ്ങാടിമരുന്നു കടകളിലൊന്നും പറഞ്ഞ മരുന്ന് ഉണ്ടാകില്ല.
ഒടുവിൽ ചികിത്സാ പദ്ധതി നിരാശയോടെ വീട്ടമ്മമാർ ഉപേക്ഷിക്കും. ഇതിനിടെ ആഴ്ചകൾക്കു ശേഷം വൈദ്യൻ രണ്ടാം ഘട്ട സന്ദർശനത്തിനായി വീടുകളിൽ എത്തും.
കിട്ടാത്ത മരുന്നുകൾ നൽകി ഭീമമായ തുകയും വാങ്ങി മടങ്ങുകയാണ് ഇവരുടെ രീതി.









