തിരുവനന്തപുരം : രാജ്യാന്തര വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സഹപ്രവർത്തകൻ സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ.
ഗർഭഛിദ്രത്തിനായി യുവതിയെ സുകാന്ത് ആശുപത്രിയിലെത്തിച്ചത് വ്യാജരേഖകൾ കാട്ടിയാണെന്നും പൊലീസ് കണ്ടെത്തി.
ഇരുവരും വിവാഹിതരാണെന്ന് തെളിയിക്കുന്ന രേഖകളാണ് സുകാന്ത് ഹാജരാക്കിയത്.
ഇതിനു വേണ്ടി തയ്യാറാക്കിയ വിവാഹക്ഷണക്കത്ത് യുവതിയുടെ വാടകമുറിയിൽ ഉണ്ടായിരുന്ന ബാഗിൽ നിന്നു പൊലീസ് കണ്ടെത്തി.
കഴിഞ്ഞ വർഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് യുവതിക്ക് ഗർഭഛിദ്രം നടത്തിയത്. ഇതിന്റെ തെളിവുകൾ യുവതിയുടെ കുടുംബം പൊലീസിന് കൈമാറി.
ഇക്കാര്യം തെളിയിക്കുന്ന ചികിത്സാരേഖകളും ലഭിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഗർഭഛിദ്രം നടന്നതായി സ്ഥിരീകരിച്ചതോടെയാണ് പീഡനക്കുറ്റം ഉൾപ്പെടെ ചുമത്തി സുകാന്തിനെതിരെ കേസെടുത്തത്.
ഗർഭഛിദ്രം നടത്തിയതിനു ശേഷമാണ് സുകാന്ത് വിവാഹത്തിൽ നിന്ന് പിന്മാറിയതെന്നാണ് ലഭിക്കുന്ന വിവരം.
യുവതിയുടെ അമ്മയോടാണ് വിവാഹത്തിന് താത്പര്യമില്ലെന്നു പറഞ്ഞ് സന്ദേശമയച്ചത്. പിന്നീട് ദിവസങ്ങൾക്കു ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്.
യുവതിയുടെ അക്കൗണ്ടിൽ നിന്ന് പലതവണയായി പണം സുകാന്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
മൂന്നുലക്ഷത്തിലധികം രൂപയാണ് ഇത്തരത്തിൽ മാറ്റിയത്. സുകാന്ത് നിലവിൽ ഒളിവിലാണ്. ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.