ഡബ്ളിൻ: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് എന്ന ഖ്യാതി ഇനി ഐറിഷ് പാസ്‌പോർട്ടിന് സ്വന്തം. നൊമാഡ് പാസ്പോർട്ട് ഇൻഡെക്സ് പുറത്തുവിട്ട 2025 ലെ പട്ടിക പ്രകാരമാണ് ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും പിൻതള്ളി അയർലൻഡ് ഒന്നാം സ്ഥാനത്തെത്തിയത്.
പട്ടിക പ്രകാരം സ്വിറ്റ്‌സർലൻഡ് രണ്ടാം സ്ഥാനം നേടിയപ്പോൾ ഗ്രീസ് മൂന്നാമതും പോർച്ചുഗൽ നാലാമതുമെത്തി. മാൾട്ടയാണ് അഞ്ചാം സ്ഥാനത്ത് ഉള്ളത്.
വർഷാവർഷം പുറത്തുവിടുന്ന പട്ടികയിൽ ഇതാദ്യമായാണ് അയർലൻഡ് ഒറ്റയ്ക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. 2020 ൽ ലക്‌സംബർഗ്, സ്വീഡൻ എന്നിവയുമായി അയർലൻഡ് ഒന്നാം സ്ഥാനം പങ്കിട്ടിരുന്നു.
ഇരട്ട പൗരത്വത്തിനുള്ള സൗകര്യം, ടാക്‌സേഷൻ, വീസ ഫ്രീ യാത്ര, ആഗോളമായി രാജ്യത്തിനുള്ള പ്രതിച്ഛായ,വ്യക്തിസ്വാതന്ത്ര്യം മുതലായവ മാനദണ്ഡങ്ങളാക്കി തയാറാക്കിയ പട്ടികയിൽ ആകെ 109 പോയിന്റാണ് അയർലൻഡ് നേടിയത്.
പട്ടികയിൽ ആദ്യ 9 സ്ഥാനവും യൂറോപ്യൻ രാജ്യങ്ങളാണ്. യുകെ ഇരുപത്തി ഒന്നാം സ്ഥാനത്തും യുഎസ്എ പട്ടികയിൽ നാൽപത്തിയഞ്ചാം സ്ഥാനത്തുമാണ്.