തൃശൂർ: ദിവസങ്ങളായി ചാലക്കുടിയെ വിറപ്പിക്കുന്ന പുലിയെ പിടികൂടാൻ മയക്കുവെടി വെക്കാൻ തീരുമാനം. ജില്ലാ കലക്ടർ അടിയന്തരമായി വിളിച്ചു ചേർത്ത യോഗത്തിലാണ് വെടിവെക്കാൻ തീരുമാനം എടുത്തത്.
ആദ്യം പുലിയുടെ സാന്നിധ്യം എവിടെയാണെന്നുള്ളത് നിരീക്ഷിച്ച് കണ്ടെത്താനാണ് നീക്കം. ഇതുവരെ 69 കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി 100 കാമറകൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
മയക്കുവെടി വയ്ക്കാനുള്ള വിദഗ്ധ ഡോക്ടർമാർ നിലവിൽ സജ്ജമാണ്. പുലിയെ കണ്ടെത്താൻ പ്രത്യേക സംഘം വിപുലീകരിക്കും. പുലി ചാലക്കുടിയിൽ ഉണ്ട് എന്നുള്ളത് തന്നെയാണ് ഇതുവരെയുള്ള നിരീക്ഷണത്തിലും പരിശോധനയിലും വ്യക്തമായത്.
കൂടുതൽ നിരീക്ഷണം നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്. പരിശോധന കൂടുതൽ വ്യാപകമാക്കാനാണ് തീരുമാനം. തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും പ്രത്യേക യോഗം തീരുമാനിച്ചു.
പുലിയെ കണ്ടെത്തിയാൽ അതിനെ മയക്കുവെടിവെയ്ക്കാൻ തീരുമാനിച്ചതായി തൃശൂർ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ മാധ്യമങ്ങളോട് പറഞ്ഞു. ദൗത്യത്തിനായി മൂന്ന് ഡോക്ടർമാർ സജ്ജമാണ്.
എപ്പോഴാണ് തിരച്ചിലിലൂടെ പുലിയെ കണ്ടെത്തുന്നത് അപ്പോൾ തന്നെ മയക്കുവെടിവെയ്ക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.