തിരുവനന്തപുരം:സംഘപരിവാർ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് വെട്ടിത്തിരുത്ത് വരുത്തിയ എംപുരാൻ ഇന്ന് തീയറ്ററുകളിലെത്തും.
ഇന്ന് വൈകിട്ടോടെ റീ എഡിറ്റ് ചെയ്ത എംപുരാൻ പ്രദർശനത്തിനെത്തും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സിനിമയിലെ മൂന്നു മിനിറ്റാണ് വെട്ടിമാറ്റിയത്. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം സിനിമയിൽ നിന്നും ഒഴിവാക്കിയതായാണ് വിവരം. കൂടാതെ ഒഴിവാക്കാത്ത വിവാദ ഭാഗങ്ങളിലെ ശബ്ദം മ്യൂട്ട് ചെയ്യും. വില്ലന്റെ പേരും മാറ്റും.
ചിത്രത്തിലെ ബജ്റംഗിയെന്ന വില്ലൻറെ പേര് ബൽരാജ് എന്നു മാറ്റിയെന്നാണ് പുറത്തു വരുന്ന വിവരം. ബുധനാഴ്ചയോടെ മാറ്റം വരുത്തി തിയേറ്ററുകളിലെത്തും എന്നാണ് ആദ്യം അറിയിച്ചിരുന്നത്.
ഉടൻ റീ എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്തിക്കണമെന്ന കേന്ദ്ര സെൻർ ബോർഡിൻറെ നിർദേശ പ്രകാരമായിരുന്നു അടിയന്തര നടപടിയെന്നാണ് സൂചന.
സിനിമയിലെ വിവാദങ്ങളിൽ മോഹൻലാൽ ഖേദം പ്രകടിപ്പിക്കുയും പ്രൃഥ്വിരാജ് മോഹൻലാലിൻറെ ഇതേ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവയ്കുകയും ചെയ്തിരുന്നു.
എന്നാൽകഥയൊരുക്കിയ മുരളി ഗോപി വിവാദങ്ങളിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. സിനിമാ സംഘടനകളും വിഷയത്തിൽ മൗനത്തിലാണ്.
വിവാദങ്ങൾക്കിടയിലും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ചിത്രം. സിനിമയുടെ റെക്കോർഡ് കളക്ഷൻ വിവരങ്ങൾ താരങ്ങൾ തന്നെ പുറത്തുവിട്ടിരുന്നു.
അതേസമയം, മോഹൻലാലിനും പൃഥ്വിരാജിനും എതിരെ രൂക്ഷവിമർശം നടത്തിയാണ് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ ലേഖനം പ്രസിദ്ധീകരിച്ചത്.
ഏതെങ്കിലും സീനോ സംഭാഷണമോ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാറ്റം വരുത്താൻ സംവിധായകനോടു പറഞ്ഞിട്ടുണ്ടെന്ന് നിർമാതാക്കളിലൊരാളായ ഗോകുലം ഗോപാലൻ നേരത്തേ തന്നെ പറഞ്ഞിരുന്നു.