മുംബൈ: ബോളിവുഡ് നടി ഐശ്വര്യ റായിയുടെ കാറിന് പിന്നില്‍ ബസ് ഇടിച്ച് അപകടം. മുംബൈയിലെ ജുഹുവിലാണ് സംഭവം. ബുധനാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
അപകടസമയത്ത് ഐശ്വര്യ റായ് കാറില്‍ ഇല്ലായിരുന്നുവെന്നാണ് സൂചന. ബ്രിഹന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടിന്റെ ബസാണ് നടിയുടെ കാറിന് പിന്നില്‍ ഇടിച്ചത്. ജുഹു ഡിപ്പോയില്‍നിന്ന് പുറപ്പെട്ട ബസ് അമിതാഭ് ബച്ചന്റെ വസതിക്ക് സമീപം എത്തിയപ്പോഴാണ് അപകടമുണ്ടാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് വീഡിയോയില്‍ നിന്ന് മനസിലാകുന്നത്. അല്‍പ്പസമയത്തിന് ശേഷം കാര്‍ പ്രദേശം വിടുന്നതും വീഡിയോയില്‍ കാണാം. അതേസമയം സംഭവത്തെ തുടർന്ന് അമിതാഭ് ബച്ചന്റെ സെക്യൂരിറ്റി ജീവനക്കാരില്‍ ഒരാള്‍ ബസ് ഡ്രൈവറെ മര്‍ദിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഡ്രൈവന്‍ ഉടന്‍ തന്നെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ പരാതി ലഭിക്കുകയോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് പോലീസ് പ്രതികരിച്ചു.