ന്യൂഡൽഹി: യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ് (യു.പി.ഐ) വഴി പ്രൊവിഡന്റ് ഫണ്ട് (പി.എഫ്) പിൻവലിക്കാൻ സാധിക്കുന്ന സുപ്രധാന മാറ്റവുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ).
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ.പി.സി.ഐ) ശുപാർശ തൊഴിൽ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. യു.പി.ഐ, എ.ടി.എം അധിഷ്ഠിത പി.എഫ് പിൻവലിക്കലുകൾ ആരംഭിക്കുന്നതോടെ ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക പരിവർത്തനത്തിൽ മറ്റൊരു സുപ്രധാന നാഴികക്കല്ലായി ഇത് മാറും.
ഈ വർഷം മേയ് അവസാനമോ ജൂൺ മാസമോ മാറ്റം വരും. രണ്ടു മാസത്തിനകം പി.എഫ് അംഗങ്ങൾക്ക് യു.പി.ഐ, എ.ടി.എം എന്നിവ വഴി പണം പിൻവലിക്കാൻ കഴിയുമെന്ന് തൊഴിൽ മന്ത്രാലയ സെക്രട്ടറി സുമിത ദാവ്‌റ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
യു.പി.ഐയിൽ നേരിട്ട് പി.എഫ് അക്കൗണ്ട് ബാലൻസ് കാണാനാകും. ഒരു ഓട്ടോമേറ്റഡ് സിസ്റ്റം വഴി ഒരു ലക്ഷം രൂപ വരെ ഒറ്റയടിക്ക് പിൻവലിക്കാനും കഴിയുമെന്ന് അവർ വ്യക്തമാക്കി.
പിൻവലിക്കൽ സുഗമമാക്കുന്നതിൻ്റെ ഭാഗമായി, 120-ലധികം ഡാറ്റാബേസുകൾ സംയോജിപ്പിച്ചുകൊണ്ട് പ്രക്രിയ ഡിജിറ്റലൈസ് ചെയ്യുന്നതിൽ ഇ.പി.എഫ്.ഒ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്.
ക്ലെയിം പ്രോസസ്സിങ് സമയം വെറും മൂന്ന് ദിവസമായി കുറച്ചിട്ടുണ്ട്. 95 ശതമാനം ക്ലെയിമുകളും ഇപ്പോൾ ഓട്ടോമേറ്റഡ് ആയിട്ടുണ്ട്. ഇനിയും ഈ പ്രക്രിയ കൂടുതൽ ലളിതമാക്കാനും പദ്ധതിയിടുന്നു, സെക്രട്ടറി കൂട്ടിച്ചേർത്തു.
പെൻഷൻകാർക്ക് പുതിയ പരിഷ്കാരങ്ങൾ പ്രയോജനപ്പെട്ടിട്ടുണ്ടെന്നും ദാവ്റ പറഞ്ഞു. ഡിസംബർ മുതൽ 78 ലക്ഷം പെൻഷൻകാർക്ക് പണമിടപാടുകൾ കൂടുതൽ സുഗമമാക്കി. ഇപ്പോൾ ഏത് ബാങ്ക് ശാഖയിൽനിന്നും പണം പിൻവലിക്കാനും കഴിയും. പെൻഷൻ പിൻവലിക്കുന്നത് തിരഞ്ഞെടുത്ത ഏതാനും ബാങ്ക് ശാഖകളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അത് പൂർണ്ണമായും നീക്കം ചെയ്തതായും അവർ വ്യക്തമാക്കി.
അംഗങ്ങളുടെ എണ്ണത്തിൽ ഇ.പി.എഫ്.ഒയിൽ വമ്പിച്ച വർധനവാണ് കാണുന്നതെന്നും സുമിത ദാവ്‌റ പറഞ്ഞു. 7.5 കോടിയിലധികം സജീവ അംഗങ്ങളുള്ള ഇത് തുടർച്ചയായി വളർന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തൊട്ടാകെ 147 പ്രാദേശിക ഓഫീസുകളിലായി പ്രതിമാസം 10-12 ലക്ഷം പുതിയ അംഗങ്ങളെ ചേർക്കുന്നതായും അവർ വ്യക്തമാക്കി.