കൊച്ചി: കേരളത്തിലെ സ്ത്രീകൾക്ക് സാരിയോടുള്ള പ്രിയം കൂടുകയാണ്. ഗ്രാമപ്രദേശങ്ങളിലെ ഒരു മലയാളി കുടുംബം ശരാശരി മൂന്നു മാസത്തിലൊരിക്കല്‍ പുതിയ സാരി വാങ്ങുന്നു എന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഉപഭോക്തൃ ചെലവിനെക്കുറിച്ചുള്ള കേന്ദ്ര റിപ്പോര്‍ട്ടിലാണ് ഈ കണക്കുകൾ ഉള്ളത്. തലേ വര്‍ഷം ഇത് നാല് മാസത്തിലൊരിക്കലായിരുന്നു.
നഗരങ്ങളിലും മൂന്നു മാസത്തിലൊരിക്കല്‍ പുതിയ സാരി വാങ്ങുന്നു. പര്‍ച്ചേസില്‍ തലേവര്‍ഷത്തേക്കാള്‍ നേരിയ വര്‍ദ്ധനവുണ്ട്.
ഉത്തരേന്ത്യന്‍ വസ്ത്രങ്ങള്‍ക്കും ആവശ്യക്കാർ കൂടിയിട്ടുണ്ട്. ‘ഷെര്‍വാണി, ലെഹങ്ക, ഗൗണ്‍’ എന്നിവയുടെ ഉപഭോഗം ഗ്രാമങ്ങളിലും നഗരങ്ങളിലും ഇരട്ടിയായിട്ടുണ്ട്.
ഗ്രാമപ്രദേശങ്ങളില്‍ ‘കുര്‍ത്തി, കമീസ്’ എന്നിവയുടെ ഉപഭോഗം 93 ശതമാനവും ‘പൈജാമ, സല്‍വാര്‍, ലെഗ്ഗിങ്സ്, പലാസോ’ എന്നിവയുടെ ഉപഭോഗം 57 ശതമാനവും വര്‍ദ്ധിച്ചു.
സ്ത്രീകളും, പുരുഷന്മാരും കുട്ടികളുമൊക്കെ വസ്ത്രത്തിനായി ചെലവിടുന്ന തുകയിലും ഗണ്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്. 2023 -24 ല്‍ ഗ്രാമീണ കുടുബങ്ങള്‍ വസ്ത്രങ്ങള്‍ക്കായി ശരാശരി 3321 രൂപ ചെലവിട്ടതായി റിപ്പോർട്ടിൽ പറയുന്നു.
നഗരപ്രദേശങ്ങളിലിത് 3516 രൂപയായിരുന്നു. തലേവര്‍ഷം ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും വസ്ത്ര ചെലവ് യഥാക്രമം 2648 രൂപ, 3136 എന്നിങ്ങനെയായിരുന്നു.









