തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രിക സമർപ്പിച്ചു. നാളെ പതിനൊന്ന് മണിക്കായിരിക്കും രാജീവ് ചന്ദ്രശേഖർ ഔദ്യോഗികമായി ചുമതല ഏറ്റെടുക്കുക. പത്രിക സമർപ്പണത്തിന് മുന്നോടിയായി അദ്ദേഹം ബിജെപി പഴയ സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തിയിരുന്നു.
പത്രിക സമർപ്പണത്തിന് മുൻപ് പ്രസിഡന്റ് കെ സുരേന്ദ്രൻ, വി മുരളീധരൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരുമായും രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി. അധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന് പകരമായാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തത്.
സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം ബിജെപി തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. തുടർന്ന് ഇന്ന് ചേർന്ന ബിജെപി കോർ കമ്മിറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിൻ്റെ പേര് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കപ്പെട്ടത്.
അഞ്ച് വർഷമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുന്ന കെ സുരേന്ദ്രൻ നാളെ സ്ഥാനമൊഴിയും. തിങ്കളാഴ്ച സംസ്ഥാന കൗൺസിൽ യോഗത്തിൽ രാജീവ് ചന്ദ്രശേഖർ ചുമതല ഏൽക്കും.









