കൊല്ലം: കൊല്ലം ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ യുവാക്കൾ പിടിയിൽ. മേമന സ്വദേശികളായ മനീഷ്, അഖിൽ കുമാർ എന്നിവരാണ് പോലീസ് പിടിയിലായത്.
ഒന്നും രണ്ടുമല്ല 38 കഞ്ചാവ് ചെടികളാണ് യുവാക്കൾ നട്ടുവളർത്തിയത്. മാത്രമല്ല 10.5 കിലോഗ്രാം കഞ്ചാവും യുവാക്കളിൽ നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തു. വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ കൃഷി ചെയ്ത സംഭവത്തിൽ മനീഷ് മുഖ്യപ്രതിയും, അഖിൽ കുമാർ കൂട്ടാളിയാണെന്നും പോലീസ് കണ്ടെത്തി.
എംഡിഎംഎ കേസിലെ പ്രതിയാണ് പിടിയിലായ മനീഷ്. ഈ കേസിന്റെ അന്വേഷണമാണ് എക്സൈസ് സംഘത്തെ കഞ്ചാവ് കൃഷിയിൽ കൊണ്ടെത്തിച്ചത്.
എക്സൈസ് സംഘം പരിശോധന നടത്തുന്നതിനായി എത്തിയപ്പോൾ പ്രതി നായയെ തുറന്നു വിട്ടുവെന്നും പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടിൽ വളർത്തുന്ന വിദേശയിനം നായ്ക്കളെയാണ് ഉദ്യോഗസ്ഥരെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ തുറന്നുവിട്ടത്.
13 വയസ്സുകാരിയെ കാണാതായ സംഭവം; ബന്ധുവായ യുവാവ് അറസ്റ്റിൽ
കോഴിക്കോട്: താമരശ്ശേരിയിൽ നിന്നും 13 വയസ്സുകാരിയായ പെൺകുട്ടിയെ കാണാതായ സംഭവത്തിൽ ബന്ധുകൂടിയായ യുവാവ് അറസ്റ്റിൽ. എട്ടാം ക്ലാസുകാരിയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ബന്ധുവായ യുവാവിനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. യുവാവിനെ താമരശ്ശേരി കോടതിയിൽ ഹാജരാക്കും. കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബംഗളൂരുവിൽ നിന്നും കണ്ടെത്തിയ ഇരുവരെയും ഇന്നലെ രാത്രി ഏഴോടെ താമരശ്ശേരിയിലെത്തിക്കുകയായിരുന്നു.