കോഴിക്കോട്: താമരശ്ശേരിയിൽ നിന്നും 13 വയസ്സുകാരിയായ പെൺകുട്ടിയെ കാണാതായ സംഭവത്തിൽ ബന്ധുകൂടിയായ യുവാവ് അറസ്റ്റിൽ. എട്ടാം ക്ലാസുകാരിയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ബന്ധുവായ യുവാവിനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. യുവാവിനെ താമരശ്ശേരി കോടതിയിൽ ഹാജരാക്കും. കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബംഗളൂരുവിൽ നിന്നും കണ്ടെത്തിയ ഇരുവരെയും ഇന്നലെ രാത്രി ഏഴോടെ താമരശ്ശേരിയിലെത്തിക്കുകയായിരുന്നു.
അതേസമയം ബന്ധു കൂടിയായ യുവാവിനെതിരെ ആരോപണങ്ങളുമായി പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പോക്സോ കേസ് പ്രതി കൂടിയായ ബന്ധു അതിജീവിതയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
കർണാടക പോലീസാണ് ബംഗളൂരുവിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് ഒരു യുവാവിനൊപ്പം പെൺകുട്ടി ബെംഗളൂരുവിൽ ഉണ്ടെന്ന വിവരം കർണാടക പോലീസ് താമരശ്ശേരി പോലിസിന് കൈമാറുകയായിരുന്നു.
പോക്സോ കേസിൽ ജയിലിൽ കഴിയുകയായിരുന്ന യുവാവ് ജാമ്യത്തിലിറങ്ങിയ ശേഷം ഇരയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. മാത്രമല്ല തനിക്കെതിരെയുള്ള പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുമ്പും ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും പെൺകുട്ടിയുടെ അമ്മ വെളിപ്പെടുത്തി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പരീക്ഷയ്ക്കായി സ്കൂളിൽ പോയ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ബന്ധുവായ യുവാവിനൊപ്പം പെൺകുട്ടി തൃശൂരിലെത്തിയതായി കണ്ടെത്തിയിരുന്നു.
ഇരുവരും തൃശൂർ കെഎസ്‌ആർടിസി ബസ് സ്റ്റാൻ്റിന് സമീപത്തെ ലോഡ്‌ജിൽ എത്തിയ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് തിരച്ചിൽ മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചതോടെയാണ് ബംഗളൂരുവിൽ വെച്ച് കർണാടക പോലീസ് ഇരുവരെയും കണ്ടെത്തിയത്.