നൂറുകണക്കിന് ശാസ്ത്രജ്ഞരെയും ഗവേഷകരെയും പിരിച്ചുവിടാന്‍ ട്രംപ് ഭരണകൂടം. ഏജന്‍സിക്ക് നല്‍കുന്ന തുക വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്തിമതീരുമാനമായിട്ടില്ലെങ്കിലും കൂട്ട പിരിച്ചുവിടല്‍ നീക്കത്തിലേക്കാണ് ട്രംപ് ഭരണകൂടം നീങ്ങുന്നതെന്നാണ് സൂചനകള്‍.
നടപടി, ചെലവുകള്‍ വെട്ടിക്കുറയ്ക്കുക എന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ലക്ഷ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം പരിസ്ഥിതി, പൊതുജനാരോഗ്യം മുതലായ വിഷയങ്ങളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിലേക്കും നീങ്ങുമെന്നാണ് സൂചന.
ഏജന്‍സിയുടെ 17,000 ജീവനക്കാരില്‍ 65 ശതമാനം പേരെയും വെട്ടികുറയ്ക്കാന്‍ പദ്ധതിയിടുന്നതായി ഫെബ്രുവരിയില്‍ ട്രംപ് പറഞ്ഞിരുന്നു. ഇപ്പോൾ പരിസ്ഥിതി സംരക്ഷണ ഏജന്‍സി (ഇപിഎ)യിലെ ഗവേഷകരെയും ശാസ്ത്രജ്ഞരെയുമാണ് പിരിച്ചുവിടാനൊരുങ്ങുന്നത്.
അവശേഷിക്കുന്നവരെ ഏജന്‍സിയിലെ മറ്റ് വകുപ്പുകളിലേക്ക് മാറ്റാനും നീക്കമുണ്ട്. വിഷയത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
അതേസമയം ഏജന്‍സിയിലെ പുനഃസംഘടനയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായുള്ളനടപടികളാണ് നടക്കുന്നതെന്നാണ് ഇപിഎ വക്താവ് മോളി വാസലിയോ വാര്‍ത്തകളോട് പ്രതികരിച്ചത്.
മലിനീകരണം, ശുദ്ധജലം, കാലാവസ്ഥാ വ്യതിയാനം എന്നിവയുള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ശാസ്ത്ര ഗവേഷണ വിഭാഗമാണ് ഇ.പി.എ. പിരിച്ചുവിടലുകള്‍ ഈ സംവിധാനത്തെ ഇല്ലാതാക്കുമെന്ന വിമര്‍ശനം ശക്തമാണ്.