ഒട്ടാവ: കാനഡയുടെ പ്രധാനമന്ത്രിയായി മാർക്ക് കാർണി ചുമതലയേറ്റു. കാനഡയുടെ ഇരുപത്തിനാലാം പ്രധാനമന്ത്രിയായാണ് കാർണി അധികാരമേറ്റത്. അമ്പത്തിയൊമ്പതുകാരനായ കാർണി സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയാണ്. ജസ്റ്റിൻ ട്രൂഡോ രാജി സമർപ്പിച്ചതിന് പിന്നാലെയാണ് ഗവർണർ ജനറൽ മേരി സൈമൺ മാർക്ക് കാർണിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്.
ഒട്ടാവയിലെ പാർലമെന്‍റ് സമുച്ചയത്തിൽ ചടങ്ങിൽ ഗവർണർ ജനറൽ മേരി സൈമൺ അധ്യക്ഷത വഹിച്ചു. മുൻ പ്രധാനമന്ത്രിമാർ, ഗവർണർ ജനറൽമാർ തുടങ്ങി രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം ചടങ്ങിൽ പങ്കെടുത്തു. എന്നാൽ രാജിവച്ച ജസ്റ്റിൻ ട്രൂഡോ ചടങ്ങിന് എത്താതെ വിട്ടു നിന്നു.
24 അംഗങ്ങളാണ് കാർണി മന്ത്രിസഭയിൽ ഉള്ളത്. ട്രൂഡോ സർക്കാരിലെ 17 മന്ത്രിമാരെ ഒഴിവാക്കുകയും ചില പ്രമുഖരെ നിലനിർത്തുകയും ചെയ്തു. പുതിയ മന്ത്രിസഭയിൽ ഇന്ത്യൻ വംശജരായ അനിത ആനന്ദ് മിനിസ്ട്രി ഓഫ് ഇന്നോവേഷൻ ശാസ്‌ത്ര – വ്യവസായ മന്ത്രിയാകും. കമൽ ഖേര ആരോഗ്യ മന്ത്രിയുമാകും.