ഹൂസ്റ്റൺ: ആശങ്കകൾക്കൊടുവിൽ അഥീന ചന്ദ്രനിലെത്തി. വ്യാഴാഴ്ച രാത്രിയോടെയാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് അഥീന പറന്നിറങ്ങിയത്.
സ്വകാര്യ ബഹിരാകാശ കമ്പനിയായ ഇന്റ്യൂറ്റീവ് മെഷീൻസിന്റെ ഐ.എം-2 ദൗത്യത്തിന്റെ ഭാഗമായാണ് അഥീന ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്.
അഥീനയുടെ സോഫ്റ്റ് ലാൻഡിങ് തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള ഒരുക്കങ്ങൾ നാസയും ഇന്റ്യൂറ്റീവ് മെഷീൻസും നടത്തിയെങ്കിലും അവസാന നിമിഷം സിഗ്നൽ നഷ്ടമായത് ഏവരെയും ആശങ്കയിലാഴ്ത്തി.
യു.എസൽ നിന്നുള്ള മൂന്നാമത്തെ സ്വകാര്യ ലാൻഡറാണ് അഥീന. യു.എസ് ബഹിരാകാശ ഏജൻസിയായ നാസയുടെ സഹകരണത്തോടെ നടത്തുന്ന ദൗത്യമാണ് ഐ.എം-2. ഹൂസ്റ്റൺ ആസ്ഥാനമായ ഇന്റ്യൂറ്റീവ് മെഷീൻസ് എന്ന കമ്പനിയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യമാണ് ഐ.എം-2.
ഇന്റ്യൂറ്റീവ് മെഷീൻസിന്റെ ആദ്യ ചാന്ദ്രദൗത്യമായ ഐ.എം-1-ന്റെ ഭാഗമായ ലാൻഡർ ഒഡീസസ് 2024 ഫെബ്രുവരിയിൽ ചന്ദ്രോപരിതലത്തിൽ പറന്ന് ഇറങ്ങിയിരുന്നു. എന്നാൽ ഈ ലാൻഡർ ഒരൽപ്പം ചെരിഞ്ഞാണ് നിലത്തിറങ്ങിയത്.
ചന്ദ്രനിൽ ഇറങ്ങുന്ന ആദ്യ സ്വകാര്യ ലാൻഡറായിരുന്നു ഇതെങ്കിൽ ഫയർ ഫ്‌ളൈ എയ്‌റോസ്‌പേസിന്റെ ബ്ലൂ ഗോസ്റ്റ് ആയിരുന്നു ചന്ദ്രനിൽ ഇറങ്ങിയ രണ്ടാമത്തെ സ്വകാര്യ ലാൻഡർ.
യു.എസിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ കുതിച്ചുയർന്ന അഥീന മാർച്ച് മൂന്നിനാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഐസ് രൂപത്തിലുള്ള വെള്ളമുണ്ടോ എന്ന് പരിശോധിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.