കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ പെണ്‍കുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും കൂടുതല്‍ കേസുകളില്‍ പ്രതിചേർത്ത് സി.ബി.ഐ. അന്വേഷണം നടക്കാനിരിക്കുന്ന മൂന്നുകേസുകളില്‍ കൂടിയാണ് ഇരുവരേയും പ്രതിയാക്കിയത്. സി.ബി.ഐ. നേരത്തെ ആറ് കുറ്റപത്രങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
അമ്മയേയും രണ്ടാനച്ഛനേയും പ്രതിചേര്‍ത്താണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം കോടതി അംഗീകരിച്ചു. കുട്ടിമധു, പ്രദീപ് എന്നിവര്‍ പ്രതിയായ കേസിലാണ് ഇരുവരേയും സി.ബി.ഐ. പ്രതിചേര്‍ത്തത്. ഇതില്‍ കുട്ടിമധു പ്രതിയായ പീഡനക്കേസില്‍ തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.
കുട്ടികളുടെ മരണത്തില്‍ അമ്മയ്ക്കും രണ്ടാനച്ഛനും പങ്കുള്ളതായി ശക്തമായ തെളിവുകള്‍ സി.ബി.ഐക്ക് ലഭിച്ചിട്ടുണ്ടെന്ന് സി.ബി.ഐ. അഭിഭാഷകന്‍ പിയേഴ്‌സ് മാത്യു അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രതിചേര്‍ത്തത്. അട്ടപ്പള്ളത്തെ വീട്ടില്‍ 2017 ജനുവരി ഏഴിന് 13 വയസ്സുകാരിയെയും മാര്‍ച്ചില്‍ ഒന്‍പതുവയസ്സുള്ള അനുജത്തിയെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.