ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാർത്ത തള്ളി മകൾ ദയാ പ്രസാദ് പ്രഭാകർ. അമ്മ ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്നും മരുന്നുകഴിച്ചത് കൂടിപ്പോയതാണെന്നും ദയ പറഞ്ഞു. ബുധനാഴ്ചയാണ് കല്പനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
“എന്റെ അമ്മയ്ക്ക് ഒരു പ്രശ്‌നവുമില്ല. അവർ പൂർണ്ണമായും സുഖമായിരിക്കുന്നു. അവർ ഒരു ഗായികയാണ്. പിഎച്ച്ഡിയും എൽഎൽബിയും ചെയ്യുന്നതിനാൽ ഉറക്കമില്ലായ്മ വന്നു. ഇതിന്റെ ചികിത്സയുടെ ഭാഗമായി ഡോക്ടർ നിർദ്ദേശിച്ച ഗുളികകൾ അവർ കഴിക്കുന്നുണ്ട്. സമ്മർദ്ദം കാരണം, കഴിച്ച മരുന്നിന്റെ അളവ് അല്പം കൂടിപ്പോയി. ദയവായി ഒരു വാർത്തയും തെറ്റായി വ്യാഖ്യാനിക്കരുത്.” ദയയുടെ വാക്കുകൾ.
കല്പന അമിതമായി ഗുളികകൾ കഴിച്ച് ആത്മഹത്യചെയ്യാൻ ശ്രമിച്ചെന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ടുകൾ. അയൽക്കാർ വിവരമറിയിച്ചതിനെത്തുടർന്നു എത്തിയ പോലീസാണ് ഗായികയെ നിസാം പേട്ടിലെ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടത്.