കൊച്ചി: എഡിഎം നവീൻ ബാബുവിന്‍റെ മരണം സിബിഐയ്ക്ക് കേസ് കൈമാറാത്തതിന്‍റെ കാരണം വിശദമാക്കി ഹൈക്കോടതി. സുതാര്യമായ അന്വേഷണം നടക്കില്ലെന്ന ആശങ്ക മാത്രം കണക്കിലെടുത്ത് കേസ് സിബിഐക്ക് കൈമാറാനാകില്ല എന്നാണ് കോടതിയുടെ വിശദീകരണം. പരാതിക്കാരിയുടെ ആശങ്കയ്ക്ക് കഴമ്പുണ്ടാകണം. സാങ്കൽപികമാകാൻ പാടില്ല എന്നും കോടതി പറയുന്നു.
സംസ്ഥാന പൊലീസ് അന്വേഷണം വഴിതെറ്റിയെന്ന് വസ്തുതകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കാനായില്ല. ഇത്തരം സാഹചര്യത്തിൽ കേസ് കൈമാറിയാൽ പൊതുസമൂഹത്തിൽ തെറ്റായ ധാരണ ഉണ്ടാക്കാൻ ഇടയാക്കും. നിയമ സംവിധാനത്തെപ്പറ്റിയും അന്വേഷണ ഏജൻസികളെപ്പറ്റിയും തെറ്റായ ധാരണ പരത്താൻ ഇത് കാരണമാകും എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഹർജിക്കാരിക്ക് എതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരെപ്പറ്റി പരാതിയില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എഡിമ്മിന്‍റെ ഭാര്യ നൽകിയ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജസ്റ്റീസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഭാര്യ മഞ്ജുഷയുടെ അപ്പീൽ തളളിയത്.