ലോസാഞ്ചലസ്: 97-ാമത് ഓസ്കർ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം അഡ്രിയാൻ ബ്രോഡി സ്വന്തമാക്കി. “ദ ബ്രൂട്ടലിസ്റ്റ്’ എന്ന ചിത്രത്തിലെ അഭിനയമാണ് അഡ്രിയാനെ അവാർഡിന് അർഹനാക്കിയത്. ഇതു രണ്ടാംതവണയാണ് അദ്ദേഹം മികച്ച നടനുള്ള ഓസ്കർ പുരസ്കാരം സ്വന്തമാക്കുന്നത്.
മികച്ച നടിക്കുള്ള പുരസ്കാരം അനോറയിലെ അഭിനയത്തിന് മൈക്കി മാഡിസൺ സ്വന്തമാക്കി. അനോറ ഒരുക്കിയ ഷോൺ ബേക്കർ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം അനോറയുടെ രചന നിർവഹിച്ച ഷോൺ ബേക്കറിന് ലഭിച്ചു.
മികച്ച സംവിധാനം, എഡിറ്റിംഗ്, അവലംബിത തിരക്കഥ, നടി ഉൾപ്പടെ പ്രധാനപ്പെട്ട നാല് പുരസ്കാരങ്ങളാണ് ‘അനോറ’ സ്വന്തമാക്കിയത്. സംവിധാനം, എഡിറ്റിംഗ്, അവലംബിത തിരക്കഥ തുടങ്ങി പ്രധാനപ്പെട്ട മൂന്നു മേഖലയും കൈകാര്യം ചെയ്തിരിക്കുന്നത് ഷോൺ ബേക്കറാണെന്നതാണ് മറ്റൊരു പ്രത്യേകത. പതിവുപോലെ ലോസ്ആഞ്ചലസിലെ ഡോൾബി തീയറ്ററിലാണ് ഓസ്കാർ ചടങ്ങ് നടക്കുന്നത്.
അതേസമയം, മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം ദ ബ്രൂട്ട്ലിസ്റ്റ് എന്ന ചിത്രത്തിലെ സംഗീതത്തിന് ഡാനിയൽ ബ്ലൂംബെർഗ് ആണ് സ്വന്തമാക്കിയത്. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും “ദ ബ്രൂട്ടലിസ്റ്റിനാണെന്നതാണ് മറ്റൊരു പ്രത്യേകത. ലോൽ ക്രൗളിക്കാണ് പുരസ്കാരം.
മികച്ച സഹനടനുള്ള അവാർഡ് കീറൻ കൾക്കിൻ സ്വന്തമാക്കിയിരുന്നു. ചിത്രം: “ദ റിയൽ പെയിൻ’. റോബർട്ട് ബ്രൗണി ജൂണിയറാണ് അവാർഡ് പ്രഖ്യാപിച്ചത്. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്കാരം ഫ്ലോ എന്ന ചിത്രവും നേടി.
മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള പുരസ്കാരം ഇറാനിൽ നിന്നുള്ള ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രം സ്വന്തമാക്കി. മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കർ നേടുന്ന ആദ്യ കറുത്ത വർഗക്കാരനായി പോൾ ടേസ്വെൽ ചരിത്രം സൃഷ്ടിച്ചു. ദ സബ്സ്റ്റൻസ് മികച്ച മേയ്ക്കപ്പ് ഹെയർ സ്റ്റെലിസ്റ്റ് അവാർഡ് കരസ്ഥമാക്കി.
മികച്ച എഡിറ്ററിനുള്ള അവാർഡ് ഷോൺ ബേക്കറിന് ലഭിച്ചു. അനോറ എന്ന ചിത്രത്തിൻറെ എഡിറ്റിംഗിനാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.സോയി സാൽഡാനയ്ക്കാണ് മികച്ച സഹനടിക്കുള്ള പുരസ്കാരം. എമിലിയ പെരെസ് എന്ന ചിത്രത്തിനാണ് പുരസ്കാരം. മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ഓസ്കാർ പുരസ്കാരം വിക്കെഡ് എന്ന ചിത്രത്തിന് ലഭിച്ചു.