തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ മൂന്ന് പേർ പിടിയി. ചാരായവിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ആര്യനാട് നിന്നും 9.25 ലിറ്റർ ചാരായവുമായി മൈലം സ്വദേശി വാമദേവൻ, പുനലാൽ സ്വദേശി മനോഹരൻ എന്നിവരാണ് പിടിയിലായത്.
ആര്യനാട് എക്സൈസ് ഇൻസ്പെക്ടർ കുമാർ എസ് ൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ചാരായം കൊണ്ട് നടന്ന് വിൽപ്പന നടത്താൻ ഉപയോഗിച്ചിരുന്ന സ്കൂട്ടറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കേസ് എടുക്കുന്നതിനിടയിൽ പ്രതികൾ എക്സൈസ് സംഘത്തെ വെട്ടുകത്തി കൊണ്ട് ആക്രമിച്ചു. ആക്രമണത്തിൽ സംഘത്തിലുണ്ടായിരുന്ന സിവിൽ എക്സൈസ് ഓഫീസർ ജിഷ്ണുവിനും പ്രിവൻ്റീവ് ഓഫീസർ ശ്രീകാന്തിനും പരിക്കേൽക്കുകയും ചെയ്തു.
പള്ളിപ്പുറത്ത് നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 50 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാൾ കൂടി പിടിയിലായി. കഴക്കൂട്ടം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സഹീർഷാ.ബിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.