തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി മാസത്തിലെ റേഷൻ വിതരണം നീട്ടി. മാർച്ച് 3 വരെയാണ് നീട്ടിയത്. തുടർന്ന് നാലാം തീയതി മാസാവസാന കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകൾക്കു അവധി നൽകും.
മന്ത്രി ജിആർ അനിൽ ആണ് ഇക്കാര്യം അറിയിച്ചത്. തുടർന്ന് 5 മുതൽ ഈ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. നേരത്തെ ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം കൈപ്പറ്റാനുള്ള കാലാവധി നീട്ടില്ലെന്ന് അറിയിപ്പുണ്ടായിരുന്നു.
ഫെബ്രുവരി 28നുള്ളിൽ തന്നെ ഫെബ്രുവരി ക്വാട്ടയിലെ ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റണം എന്നായിരുന്നു പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചിരുന്നത്. എന്നാൽ തീയതി നീട്ടുകയായിരുന്നു.