തന്നെയും മഞ്ജു വാര്യരെയും ബന്ധപ്പെടുത്തി വ്യാജ വാർത്ത പ്രചരിച്ച സംഭവത്തിൽ പ്രതികരണവുമായി നാദിർഷ. താനും മഞ്ജുവും അറിയാത്ത കാര്യമാണ് വാർത്തയിൽ പറയുന്നതെന്നും റീച്ച് കിട്ടാനുള്ള മഞ്ഞ പത്രങ്ങളുടെ തറ വേലയാണ് ഇതെന്നും നാദിർഷ പറയുന്നു.
നാദിർഷായുടെ വാക്കുകൾ ഇങ്ങനെ:
‘‘ഇത് ഞാനും മഞ്ജുവാരിയരും അറിയാത്ത കാര്യങ്ങളാണല്ലോ മഞ്ഞപത്രങ്ങളേ…ഏതായാലും റീച്ച് കിട്ടാൻ എന്ത് തറവേലയും കാട്ടുന്ന നിങ്ങൾക്ക് എന്റെ … നമസ്ക്കാരം.’’ ഇതിനൊപ്പം വ്യാജ വാർത്തയുടെ സ്ക്രീൻ ഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് മഞ്ജു വാര്യരെ കുറിച്ച് നാദിർഷ പറയുന്നതെന്ന് തരത്തിൽ വ്യാജ വാർത്ത പ്രചരിച്ചത്.
‘‘മഞ്ജു വാരിയർ ഒരുപാട് മാറിപ്പോയി. പഴയ കാര്യങ്ങളെല്ലാം മറന്നു. ഞാൻ ഫോൺ വിളിച്ചപ്പോൾ എന്നോട് പ്രതികരിച്ച രീതി വിഷമിപ്പിച്ചു.’’
ഇതായിരുന്നു പ്രചരിച്ച പോസ്റ്ററിലെ ഉള്ളടക്കം. നിരവധി പ്രതികരണങ്ങളാണ് ഇതിനെ തുടർന്ന് ഇരുവർക്കും എത്തിയത്.