യന്തം
ചെറുതോണി: യന്ത്രത്തിന്റെസഹായത്താൽ പണം ഇരട്ടിപ്പിച്ചു നൽകാമെന്ന് പറഞ്ഞ് തമിഴ്‌നാട് സ്വദേശികൾ കവർന്നത് ഏഴുലക്ഷം. ഇടുക്കി മണിയാറൻകുടി സ്വദേശി പാണ്ടിയേൽ വീട്ടിൽ സോണി (46)ക്കാണ് തട്ടിപ്പിൽ പണം നഷ്ടമായത്. തട്ടിപ്പ് വിവരം പുറത്ത് വന്നത് പണം മോഷണം പോയതാണെന്ന കേസിൽ പരാതിക്കാരന്റെ മൊഴിയെടുക്കുന്നതിനിടെയാണ്. തിങ്കളാഴ്ച മൂന്നുമണിയോടെയാണ് സംഭവം.
സുഹൃത്തുക്കൾ മുഖേന പരിചയപ്പെട്ട രണ്ടു പേർ യന്ത്ര സഹായത്താൽ പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് വാഗദാനം നൽകിയതിനെ തുടർന്ന് കടം വാങ്ങിയ ഏഴുലക്ഷം രൂപ സോണി ഇവരുടെ പക്കൽ നൽകുകയായിരുന്നു. തുക ഒരു ബാഗിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ബാഗിനുള്ളിലെ യന്ത്രം 16 മണിക്കൂർ കൊണ്ട് നോട്ടുകൾ ഇരട്ടിപ്പിച്ച് നൽകുമെന്നും വിശ്വസിപ്പിച്ച് ബാഗ് സോണിയുടെ വാഹനത്തിൽ തന്നെ വെക്കുകയായിരുന്നു.
അതിൽനിന്നു രണ്ട് വയർ ഒരു കന്നാസിനുള്ളിലെ വെള്ളത്തിലേയ്ക്ക് ഇട്ടിരുന്നു. 16 മണിക്കൂർ കഴിയാതെ ബാഗ് തുറക്കരുതെന്ന് നിർദേശിച്ച് തമിഴ്‌നാട് സ്വദേശികൾ സ്ഥലംവിട്ടു. സംശയം തോന്നിയ സോണി വൈകീട്ട് എഴിന് ബാഗ് തുറന്നപ്പോൾ നോട്ടിന്റെ വലിപ്പത്തിലുള്ള ഏതാനും കറുത്ത കടലാസു കഷണങ്ങൾ മാത്രമാണ് ബാഗിൽ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു.
പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേർ രണ്ടു ദിവസമായി ചെറുതോണിയിലെ സ്വകാര്യ ലോഡ്ജിൽ താമസിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്.
മുരുകൻ എന്നു പേരുളള ഒരാളുടെ കൂടെ വേറൊരാളുമുണ്ടായിരുന്നു. പ്രതികൾ തിരുനെൽവേലി സ്വദേശികളാണെന്നാണ് വിവരം. ഇടുക്കി പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. പരാതിക്കാരനും ഇതുമായി ബന്ധപ്പെട്ട മറ്റു രണ്ടുപേരും പോലീസ് നിരീക്ഷണത്തിലാണ്.
ഇതിലൊരാളായ കഞ്ഞിക്കുഴി സ്വദേശി കെ.എസ്.ഇ.ബി ജീവനക്കാരനാണ്. കഞ്ഞിക്കുഴിയിലുള്ള ബാങ്കിൽ നിന്നും ഏഴു ലക്ഷം ചെറുതോണിയിലുള്ള ബാങ്കിലേക്ക് അയച്ചതിന്റെയും ഉച്ചയ്ക്ക് ഒരുമണിക്ക് ഏഴുലക്ഷം രൂപ ചെറുതോണിയിൽ പിൻവലിച്ചതിന്റെയും രേഖകൾ ലഭിച്ചിട്ടുണ്ട്.
പിന്നീട് നടന്ന കാര്യങ്ങളിലാണ് ദുരൂഹതകൾ ഏറെയുള്ളത്. തുക ഇരട്ടിപ്പിച്ചു നൽകാമെന്ന ഉറപ്പിൽ ഏഴു ലക്ഷം തമിഴ്‌നാട് സ്വദേശികളായ രണ്ടുപേർക്ക് നൽകിയെന്നാണ് രണ്ടാമതായി പരാതിക്കാരൻ പറയുന്നത്. ആദ്യം മോഷണം പോയെന്നും പിന്നീട് ഇരട്ടിച്ചു നൽകാമെന്ന വ്യവസ്ഥയിൽ തമിഴ്‌നാട്ടുകാർക്ക് നൽകിയെന്നും പറയുന്നു. എന്നാൽ പണം വാങ്ങിയവർ എങ്ങനെ രക്ഷപെട്ടുവെന്ന് വ്യക്തമല്ല.
പരാതിക്കാരനും കെ.എസ്.ഇ.ബി ജീവനക്കാരനും മറ്റൊരാളും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. തമിഴ്‌നാട് സ്വദേശികളായ പ്രതികളുടെ ഫോട്ടോയും അഡ്രസും ലഭിച്ചിട്ടുണ്ടെന്നും പ്രതികൾ ഉടൻ കസ്റ്റഡിയിലാകുമെന്നും പോലീസ് പറയുന്നു.