മുംബൈ: ഇൻഷുറൻസ് പോളിസി ഉടമകൾക്ക് ആശ്വാസ നടപടിയുമായി കേന്ദ്രസർക്കാരിന്റെ ഇടപെടൽ. ഒരു മാസത്തിൽ നിന്ന് ഒരു വർഷമായി ഫ്രീ ലുക്ക് പീരീഡ് ഉയർത്താൻ സ്വകാര്യ ഇൻഷുറൻസ് കമ്പനികളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്രീ ലുക്ക് പിരീഡ് എന്നത് പോളിസി ഉടമകൾക്ക് പോളിസി സറണ്ടർ ചാർജുകളൊന്നുമില്ലാതെ ഇൻഷുറൻസ് പോളിസി റദ്ദാക്കാൻ നൽകുന്ന സമയമാണ്.
മുംബൈയിൽ നടന്ന പോസ്റ്റ് ബജറ്റ് വാർത്താസമ്മേളനത്തിൽ ധനകാര്യ സേവന വകുപ്പ് സെക്രട്ടറി എം നാഗരാജുവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഫ്രീ ലുക്ക് പിരീഡിൽ പോളിസി ഉടമ പോളിസി തിരികെ നൽകാൻ തീരുമാനിച്ചാൽ ഇൻഷുറൻസ് കമ്പനി ആദ്യം അടച്ച പ്രീമിയം തിരികെ നൽകേണ്ടി വരും.
കഴിഞ്ഞ വർഷം, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ആണ് ഫ്രീ ലുക്ക് പിരീഡ് 15 ദിവസത്തിൽ നിന്ന് 30 ദിവസമായി ഉയർത്തിയിരുന്നു. ഉപഭോക്താക്കൾക്ക് കൂടുതൽ പരിരക്ഷ ലഭിക്കുന്നതിനായി ഇൻഷുറൻസ് കമ്പനികൾ ഇത് ഒരു വർഷമായി വർദ്ധിപ്പിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്.
ഇൻഷുറൻസ് പോളിസികളുടെ ഫ്രീ ലുക്ക് പീരീഡ് ഒരു മാസത്തിൽ നിന്ന് ഒരു വർഷമായി വർദ്ധിപ്പിക്കാൻ സർക്കാർ ഇൻഷുറൻസ് കമ്പനികളെ പ്രോത്സാഹിപ്പിച്ച് വരികയാണെന്നും നാഗരാജു പറഞ്ഞു. പോളിസി ഉടമ ഈ കാലയളവിനുള്ളിൽ പോളിസി തിരികെ നൽകിയാൽ ഇൻഷുറൻസ് കമ്പനി ആദ്യ പ്രീമിയം തിരികെ നൽകുമെന്നും ധനകാര്യ സേവന വകുപ്പ് സെക്രട്ടറി കൂട്ടിച്ചേർത്തു. ഇൻഷുറൻസ് പോളിസികളുടെ തെറ്റായ വിൽപ്പന കുറയ്ക്കുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്.
പൊതുമേഖലാ കമ്പനികളോട് ഇൻഷുറൻസ് പോളിസികളിൽ ‘കോൾ ബാക്ക്’ അവതരിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉൽപ്പന്നം വിറ്റുകഴിഞ്ഞാൽ, ഉൽപ്പന്നത്തിൽ സന്തുഷ്ടനാണോ അതോ പോളിസി റദ്ദാക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാനാണ് ഉപഭോക്താവിന് കോൾ ബാക്ക് അയക്കുന്നതെന്നും ധനകാര്യ സേവന വകുപ്പ് സെക്രട്ടറി നാഗരാജു പറഞ്ഞു