ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരായ ഇന്ത്യാക്കാരെ വിലങ്ങും കാൽ ചങ്ങലുയുമിട്ട് കയറ്റി വിട്ടതിനെക്കുറിച്ച് പ്രതികരിക്കാതെ കേന്ദ്ര സർക്കാർ. മനുഷ്യാവകാശ ലംഘനങ്ങളുടെ നേർക്കാഴ്ച്ചയായി അമേരിക്ക നടത്തിയ നാടുകടത്തലിനെതിരെ എന്തുകൊണ്ട് കേന്ദ്രം പ്രതികരിക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടി പറയാതെ ഒഴിഞ്ഞു മാറുകയാണ് സർക്കാർ എന്നാണ് വിമർശനം.
116 ഇന്ത്യാക്കാരുമായി ശനിയാഴ്ച അമൃത് സറിലെത്തിയ രണ്ടാമത്തെ യുഎസ് വിമാനത്തിലെ യാത്രക്കാരേയും കാലിലും കയ്യിലും ചങ്ങലയും വിലങ്ങും അണിയിച്ചിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആദ്യ വിമാനത്തിൽ 106 പേരെയാണ് അമൃത്സറിൽ എത്തിച്ചത്. അമേരിക്കയുമായി ഇന്ത്യയ്ക്ക് മെച്ചപ്പെട്ട ബന്ധമാണെന്ന കേന്ദ്രസർക്കാർ അവകാശവാദത്തിൻ്റെ പൊള്ളത്തരമാണ് വെളിവായതെന്ന പ്രതിപക്ഷ ആരോപണം കൂടുതൽ ശക്തിപ്പെടുന്ന സംഭവമാണ് ഇപ്പോൾ വീണ്ടും ഉണ്ടായത്. പിആർ ഏജൻസികൾ ഊതിപെരുപ്പിക്കുന്ന മോദിയുടെ വിശ്വഗുരു ഇമേജിന് പോലും കനത്ത തിരിച്ചടിയാണ് വീണ്ടും ഉണ്ടായത്.
ബിജെപിയെ സ്ഥിരമായി സ്തുതിക്കുന്ന ഉത്തരേന്ത്യൻ മാധ്യമങ്ങൾ പോലും ഇന്ത്യക്കാരെ വിമാനത്തിൽ ചങ്ങലയിട്ട് വരിഞ്ഞുമുറുക്കിയ യുഎസ് നയത്തോട് കടുത്ത വിമർശനം ഉയർത്തിയിട്ടും ബിജെപി നേതാക്കൾ പ്രതികരിച്ചിട്ടില്ല.
യുഎസ് സർക്കാരിൻ്റെ പ്രവർത്തന മാർഗരേഖ പ്രകാരമാണ് കുടിയൊഴുപ്പിക്കലെന്നാണ് വിദേശകാര്യ മന്ത്രി ജയശങ്കർ പാർലമെൻ്റിൽ അറിയിച്ചത്. എന്നാൽ അമേരിക്കയെ പ്രതിഷേധം അറിയിച്ചു എന്നാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പിന്നീട് അവകാശപ്പെട്ടു. അതൃപ്തി അറിയിച്ച ശേഷവും ചങ്ങലപ്പൂട്ട് ആവർത്തിച്ച അമേരിക്കൻ സമീപനത്തോട് പ്രതികരിക്കാൻ മടിച്ചു നിൽക്കയാണ് മോദി സർക്കാർ.