തലശേരി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് 25 പവൻ തട്ടിയെടുത്ത പരാതിയിൽ പോലീസ് കേസെടുത്തു.
കണ്ണൂർ ചൊവ്വ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് തലശേരി ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
വിവാഹമോചിതയായ യുവതി കുറച്ചുനാളുകൾക്ക് മുന്പാണ് ഇൻസ്റ്റഗ്രാം വഴി ഒരു യുവാവിനെ പരിചയപ്പെടുന്നത്.
പിന്നീട് പ്രണയത്തിലാകുകയും യുവതിയോട് സ്വർണാഭരണങ്ങളുമായി വീടു വിട്ടുവരാൻ യുവാവ് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
ഇൻസ്റ്റഗ്രാമിൽ പോലും യുവാവിന്റെ ഫോട്ടോ യുവതി കണ്ടിരുന്നില്ല. വിവാഹ വാഗ്ദാനം നൽകിയാണ് യുവാവ് തട്ടിപ്പ് നടത്തിയത്.
യുവാവിന്റെ നിർദേശപ്രകാരം ആദ്യ ഭർത്താവിലെ കുട്ടിയുമൊത്ത് യുവതി തലശേരി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ സ്വർണാഭരണം സ്റ്റേഷനിലെത്തുന്ന സുഹൃത്തിന് നൽകാൻ കാമുകനായ യുവാവ് പറഞ്ഞു. യുവതി സ്വർണാഭരണം യുവാവിന്റെ സുഹൃത്തെന്ന് പറഞ്ഞയാളിന് നൽകുകയായിരുന്നു.
യുവാവിനെ കാണാൻ യുവതിയോട് കോഴിക്കോട് പോകാൻ പറഞ്ഞ സുഹൃത്ത് വാഹനവും ഏർപ്പാടാക്കി നൽകി.
പിന്നീട്കോഴിക്കോട് എത്തിയ യുവതിക്ക് കാമുകനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇൻസ്റ്റഗ്രാമിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിനും കഴിഞ്ഞില്ല.
ഇതോടെ യുവതി താൻ തട്ടിപ്പിനിരയായെന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. കണ്ണൂരിൽനിന്ന് ബന്ധുക്കൾ കോഴിക്കോട് എത്ത യുവതിയെ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. തുടർന്ന് ബന്ധുക്കൾക്കൊപ്പം ടൗൺ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. തൊപ്പിവച്ച മെറൂൺ കളർ ഷർട്ട് ധരിച്ചയാളാണ് യുവതിയുടെ സ്വർണം തട്ടിയെടുത്തതെന്നാണ് പോലീസിനു ലഭിച്ച പ്രാഥമിക വിവരം.
തട്ടിപ്പ് നടത്തിയ വ്യക്തി കോഴിക്കോട് സ്വദേശിയാണെന്നും വിവരമുണ്ട്. തട്ടിപ്പ് നടന്ന റെയിൽവെ സ്റ്റേഷൻ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.