ബ്രോസ്റ്റഡ് ചിക്കൻ തീർന്നു പോയതിന്റെ പേരിൽ കടയുടമയ്ക്കും ജീവനക്കാർക്കും മർദ്ദനം. കോഴിക്കോട് താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ വഴിയോര വിശ്രമ കേന്ദ്രത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ടേക്ക് എ ബ്രേക്ക് എന്ന കോഫി ഷോപ്പിലാണ് അക്രമം നടന്നത്. അഞ്ച് പേരടങ്ങുന്ന സംഘമാണ് കടയുടമയെയും ജീവനക്കാരെയും ആക്രമിച്ചത്.
അർധരാത്രിയെത്തി ബ്രോസ്റ്റഡ് ചിക്കൻ ഉണ്ടോയെന്ന് ചോദിക്കുകയും, തീർന്നെന്ന് പറഞ്ഞപ്പോൾ സംഘം പ്രകോപിതരായി ആക്രമിക്കുകയായിരുന്നു എന്നാണ് ആക്ഷേപം. ആദ്യം മൂന്നു പേര് ചേർന്നാണ് മർദിച്ചതെന്നും പിന്നീട് രണ്ട് പേർ കൂടി വന്നു എന്നും കടയിലുണ്ടായിരുന്നവർ പറഞ്ഞു. പൂനൂർ സ്വദേശി സയീദിനെയും ജീവനക്കാരനൻ ആസാം മെഹദി ആലത്തിനുമാണ് മർദ്ദനമേറ്റത്.
കടയിലുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളിൽ അക്രമത്തിൻറെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സംഘം ചേർന്ന് കട ഉടമയെയും ജീവനക്കാരനെയും മർദ്ദിക്കുന്നതും അവരെ പിടിച്ചുമാറ്റാൻ അവിടെയുണ്ടായിരുന്നവർ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.