ഡൽഹി: പൂനെയിൽ ഗില്ലിൻ-ബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചു. 37 വയസ്സുള്ള ഡ്രൈവർ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ ഗില്ലിൻ-ബാരെ സിൻഡ്രോം അസുഖം മൂലമുള്ള മരണസംഖ്യ ഏഴായി.
രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ കഴിയുന്ന 192 പേരില്‍ 167 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവുമധികം കേസുകളുള്ള പൂനെയില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അപൂർവ നാഡീരോഗമാണ് ഗില്ലൻ ബാരി സിൻഡ്രോം അഥവാ ജിബിഎസ് എന്ന് പറയുന്നത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണിത്.
കഠിനമായ വയറുവേദനയും വയറിളക്കവുമാണ് പ്രധാന ലക്ഷണങ്ങള്‍. അതുപോലെ ബലഹീനത, കൈകാലുകളിൽ മരവിപ്പ്, നടക്കാനോ പടികൾ കയറാനോ പ്രയാസം, ഉയർന്ന ഹൃദയമിടിപ്പ്, ശ്വാസ തടസം, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, വയറിളക്കം, ഛർദ്ദി, കഠിനമായ കേസുകളിൽ പക്ഷാഘാതം എന്നിവയും ഉണ്ടാകാം.
പല രോഗികൾക്കും ആദ്യം കൈകളിലോ കാലുകളിലോ ബലഹീനത അനുഭവപ്പെടുന്നു. മിക്ക കേസുകളിലും ലക്ഷണങ്ങൾ പ്രകടമാകാൻ അഞ്ചോ ആറോ ദിവസങ്ങൾ എടുക്കും.