ചെറിയൊരു കടമുറി, അല്ലെങ്കില്‍ അതിലും കുറച്ചു കൂടി വലുത്. ഒരു അക്ഷയ സെന്ററിന്റെ വലുപ്പം പരമാവധി അത്രയൊക്കെയാകും ഏതൊരാളും പ്രതീക്ഷിക്കുക.
എന്നാല്‍ ആ ധാരണകളെ എല്ലാം കാറ്റില്‍പ്പറത്തുകയാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ഒരു പുതിയ അക്ഷയ സെന്റര്‍.
ആറായിരം ചതുരശ്രയടിയുള്ള കെട്ടിടത്തിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ അക്ഷയ സെന്റര്‍ പ്രവർത്തിക്കുന്നത്.
എറണാകുളം ജില്ലയിലാണ് ഈ വലിയ അക്ഷയ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. വെങ്ങോല ഗ്രാമ പഞ്ചായത്തിലെ അറക്കപ്പടിയിലാണ് അക്ഷയ സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.
മുന്‍ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
നിലവില്‍ അറയ്ക്കപ്പടി ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന അക്ഷയ കേന്ദ്രമാണ് വിപുലമായ സൗകര്യങ്ങളോടെ മാവേലി സ്റ്റോറിന് എതിര്‍വശത്തേക്ക് മാറ്റി സ്ഥാപിച്ചത്.
വി എച്ച് അജാസ് എന്ന സംരംഭകന്റെ നേതൃത്വത്തില്‍ ആകെ 50 ജീവനക്കാരാണ് ഈ അക്ഷയ കേന്ദ്രത്തില്‍ ജോലി ചെയ്യുന്നത്.
ഉദ്ഘാടന ചടങ്ങില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി എല്‍ദോസ്, മറ്റു ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഐടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ ചിഞ്ചു സുനില്‍ ആമുഖ പ്രഭാഷണം നടത്തി. അക്ഷയ കേന്ദ്രത്തിലെ ആധാര്‍ സേവ കേന്ദ്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം യുഐഡി സ്റ്റേറ്റ് അഡ്മിന്‍ എന്‍ ആര്‍ പ്രേമ നിര്‍വഹിച്ചു. ജില്ലയിലെ മുതിര്‍ന്ന അക്ഷയ സംരംഭകരെ ചടങ്ങില്‍ ആദരിച്ചു.