തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതി ഹരികുമാറിനെ പോലീസ് വീണ്ടും ചോദ്യംചെയ്യുന്നു.
ജുഡീഷൽ കസ്റ്റഡിയിലായിരുന്ന ഹരികുമാറിനെ ആറു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് നൽകിയ അപേക്ഷ പരിഗണിച്ച് ഇയാളെ കസ്റ്റഡിയിൽ വിട്ടിരുന്നു.
പ്രതിക്കു ചോദ്യം ചെയ്യലിന് വിധേയനാകാനുള്ള മാനസികാരോഗ്യം ഉണ്ടോയെന്ന ഡോക്ടർമാരുടെ സാക്ഷ്യപത്രം ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. ഡോക്ടർമാരുടെ സാക്ഷ്യപത്രം പോലീസ് നൽകിയതിനെ തുടർന്നാണ് കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തോടെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് വെളിപ്പെടുത്തിയ ഇയാൾ പിന്നീട് പലപ്രാവശ്യം മൊഴി മാറ്റിയിരുന്നു.