തിരുവല്ല: ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പുകേസിൽ മൂന്നാം പ്രതി സിന്ധു വി നായരും പിടിയിലായി. നൂറു കോടി രൂപയോളം തട്ടിപ്പ് നടത്തിയെന്ന കേസിലെ ഒന്നാം പ്രതി ഡി.ഗോപാലകൃഷ്ണൻ നായരുടെ ഭാര്യയാണ് സിന്ധു വി നായർ.
ഒന്നര വർഷത്തോളമായി ഇവർ ഒളിവിലായിരുന്നു. തമിഴ്നാട് പോണ്ടിച്ചേരി അതിർത്തിയിലുള്ള കൊയിലപ്പാളയത്ത് നിന്നാണ് ഇവരെ പിടികൂടിയത്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലാണ് സിന്ധുവിനെ ഇപ്പോൾ അറസ്റ്റ് ചെയ്തത്. കൊയിലപ്പാളയത്ത് ഫ്ലാറ്റിൽ യോഗാ പരിശീലക എന്ന രീതിയിൽ ഒറ്റയ്ക്കു താമസിക്കുകയായിരുന്നു ഇവർ.
നാഗർകോവിലിൽ ഒളിവിൽ കഴിഞ്ഞശേഷം ഒരുമാസം മുൻപാണ് പോണ്ടിച്ചേരിയിൽ ഫ്ലാറ്റ് എടുത്തത്. ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്ത ഇവരെ വൈകിട്ട് അഞ്ചു മണിയോടെ തമിഴ്നാട് വില്ലുപുരം ജില്ലയിലെ വാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. ഇന്ന് പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയേക്കും.
100 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടത്തിയെന്നാണ് കേസ്. പല ജില്ലകളിലായി 876 കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
കേസിൽ ഒന്നും രണ്ടും പ്രതികളായ ഡി.ഗോപാലകൃഷ്ണൻ നായർ, മകൻ ഗോവിന്ദ് ജി.നായർ എന്നിവർ 2024 ഫെബ്രുവരിയിൽ പിടിയിലായിരുന്നു. നാലാം പ്രതിയും ഗോവിന്ദിന്റെ ഭാര്യയുമായ ലക്ഷ്മി ലേഖകുമാർ ഇതുവരെ പിടിയിലായിട്ടില്ല. ഇവർ വിദേശത്തേക്ക് കടന്നതായാണ് സൂചന.
ക്രൈംബ്രാഞ്ച് കൊല്ലം, പത്തനംതിട്ട ജില്ലകളുടെ ചുമതലയുള്ള എസ്പി എസ്.സുരേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്. കൊല്ലം ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ എസ്. സനൂജ്, എസ്ഐ സി.എസ്.ബിനു, പത്തനംതിട്ട യൂണിറ്റിലെ എസ്ഐ ഇ. അൽത്താഫ്, സിപിഒമാരായ അശ്വതി വിജയൻ, അനീഷ് കുമാർ എന്നിവരുടെ സംഘമാണ് ഇവരെ കണ്ടെത്തിയത്.
ജി ആൻഡ് ജി ഫിനാൻസ് എന്ന സ്ഥാപനത്തിന്റെ പേരിൽ അമിതപലിശ വാഗ്ദാനം ചെയ്താണ് പ്രതികൾ വ്യാപകമായി നിക്ഷേപം സ്വീകരിച്ചതെന്നാണ് പരാതി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിലായി 48 ബ്രാഞ്ചുകളാണ് പ്രവർത്തിച്ചിരുന്നത്. ഒരു കൊല്ലത്തെ സ്ഥിരനിക്ഷേപത്തിന് 14 ശതമാനം, രണ്ട് കൊല്ലത്തേക്ക് 15 ശതമാനം, മൂന്ന് കൊല്ലത്തേക്ക് 16 ശതമാനം എന്നിങ്ങനെയായിരുന്നു പലിശ വാഗ്ദാനം ചെയ്തത്.
നിക്ഷേപം പിടിച്ചുകൊടുക്കുന്നവർക്ക് ഒരു ശതമാനം കമ്മിഷനും ഇവർ വാഗ്ദാനംചെയ്തിരുന്നു. ആദ്യകാലത്ത് നിക്ഷേപം നടത്തിയവർക്ക് കൃത്യമായി മുതലും പലിശയും നൽകിയിരുന്നു.
കാലാവധി പൂർത്തിയാക്കിയിട്ടും പണം മടക്കിനൽകാത്തതിനെ തുടർന്ന് 2024 ആദ്യം നിക്ഷേപകർ കൂട്ടത്തോടെയെത്തി പണം തിരികെ ആവശ്യപ്പെട്ടു.
ജനുവരി 13-ന് നിക്ഷേപകരുടെ യോഗം വിളിച്ച് മാസംതോറും നിക്ഷേപത്തിന്റെ ഒരു ശതമാനം മടക്കി നൽകാമെന്ന് വാഗ്ദാനംചെയ്തെതെങ്കിലും നിക്ഷേപകർ ഇത് അംഗീകരിക്കാഞ്ഞതിനെ തുടർന്ന് രണ്ടുശതമാനം നൽകാമെന്ന ധാരണയിലായി.
എന്നാൽ 2024 ജനുവരി 30 മുതൽ സ്ഥാപനങ്ങൾ തുറന്നില്ല. ഇതോടെയാണ് നിക്ഷേപകർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.