കണ്ണൂര്‍: കേരള സര്‍ക്കാരിന്റെ ക്രിസ്മസ് ബമ്പറിൻ്റെ ഒന്നാം സമ്മാനമായ 20 കോടി രൂപ ലോട്ടറിയടിച്ച ഭാഗ്യശാലി ഇരിട്ടി ഫെഡറല്‍ ബാങ്ക് ശാഖയിലെത്തി.
സത്യന്‍ എന്നയാളാണു ഒന്നാം സമ്മാനം നേടിയലോട്ടറി ബാങ്കില്‍ ഏല്‍പിച്ചത്. എന്നാല്‍ തന്റെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി ബാങ്ക് അധികൃതര്‍ പറഞ്ഞു.
രണ്ടു ദിവസമായി ഭാഗ്യശാലിയെ തേടിക്കൊണ്ടിരിക്കുകയായിരുന്നു മലയാളികൾ. അതിനിടെയാണ് തന്റെ സ്വകാര്യത മാനിക്കണം എന്നാവശ്യപ്പെട്ട് ഭാഗ്യശാലി രഹസ്യമായി ബാങ്കിലെത്തിയത്.
മുത്തു ലോട്ടറി ഏജന്‍സിയില്‍ നിന്നു വിറ്റ XD 387132 നമ്പര്‍ ടിക്കറ്റിനാണു സമ്മാനം അടിച്ചത്. 10 ടിക്കറ്റുകളുടെ ഒരു ബുക്ക് ആണ് സത്യന്‍ എന്നായാള്‍ വാങ്ങിയതെന്നും ലോട്ടറി ജീവനക്കാര്‍ പറഞ്ഞിരുന്നു.
ഇതോടെയാണ് സത്യനാണു ബംപര്‍ ഭാഗ്യശാലിയെന്നു ആളുകള്‍ ഉറപ്പിക്കാന്‍ ഉണ്ടായ കാരണം. ഇതോടെ ഇരിട്ടിയിലും പരിസരത്തും ഉള്ള സത്യന്മാരെത്തേടി മാധ്യമപ്രവര്‍ത്തകരുള്‍പ്പടെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
ചക്കരക്കല്ലിലെ മേലേവീട്ടില്‍ എംവി അനീഷാണു മുത്തു ലോട്ടറി ഏജന്‍സി ഉടമ. ചക്കരക്കല്‍, ഇരിട്ടി, മട്ടന്നൂര്‍, ചാലോട് ടൗണുകളിലായി 6 ലോട്ടറി വില്‍പ്പനകേന്ദ്രങ്ങള്‍ ഉണ്ട്.
ഒരു കോടി രൂപ വരെയുള്ള സമ്മാനങ്ങള്‍ പല തവണ ലഭിച്ചിട്ടുണ്ടെങ്കിലും ബംപര്‍ സമ്മാനം ലഭിക്കുന്നത് ആദ്യമാണെന്നും എം വി അനീഷ് പറഞ്ഞു.
ഇരിട്ടിയിലും ആദ്യമായാണു ഇത്ര വലിയ തുകയുടെ ബംപര്‍ സമ്മാനം അടിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.